മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ഫ്രാഞ്ചൈസികള്‍ക്കു കളിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള ലേലം ഈ മാസം 20ന് നടക്കും. ശനിയാഴ്ച നടക്കാനിരുന്ന ലേലം സുപ്രീം കോടതിയുടെ പുതിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 20ലേക്കു മാറ്റുകയായിരുന്നു. ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍ക്കെ തുടങ്ങിയവരെ സ്ഥാനങ്ങളില്‍നിന്നു നീക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിലാണ് ലേലം നീട്ടിയത്.
27 താരങ്ങളെയാണ് ഒരോടീമിനും സ്വന്തമാക്കാന്‍ കഴിയുന്നത്. ഇതില്‍ ഒന്‍പതു വിദേശ താരങ്ങളെയും ഉള്‍പ്പെടുത്താം. 66 കോടി രൂപയാണ് ഓരോ ഫ്രാഞ്ചൈസിക്കും ചെലവഴിക്കാന്‍ സാധിക്കുന്നത്. ഈ സീസണിലെ ഐപിഎല്‍ ടൂര്‍ണമെന്റ് ഏപ്രില്‍ അഞ്ചു മുതല്‍ മേയ് 21 വരെ സംഘടിപ്പിക്കാന്‍ കഴിഞ്ഞ നവംബറില്‍ ഗവേണിംഗ് ബോഡി തീരുമാനിച്ചിരുന്നു.
ഐപിഎല്‍ നിയമാവലി പ്രകാരം മിക്ക മുതിര്‍ന്ന താരങ്ങള്‍ക്കും ക്ലബ്ബുകളുമായുള്ള കരാര്‍ ഈ വര്‍ഷത്തോടെ അവസാനിക്കും. അടുത്ത വര്‍ഷം മുതല്‍ സീനിയര്‍ താരങ്ങളടക്കമുള്ളവരെ ഫ്രാഞ്ചൈസികള്‍ ലേലത്തില്‍നിന്നു സ്വന്തമാക്കേണ്ടിവരും.