മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 10-ാം എഡിഷനു കാഹളമോതിക്കൊണ്ട് ബിസിസിഐ മത്സരക്രമം പ്രഖ്യാപിച്ചു. ഏപ്രില്‍ അഞ്ചിന് ഹൈദരാബാദ് രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ആതിഥേയരായ സണ്‍ റൈസേഴ്സ് ഹൈദരാബാദ്, ബംഗളൂരു റോയല്‍ ചലഞ്ചേഴ്സുമായി കൊമ്പുകോര്‍ക്കും. മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി 10 വേദികളിലായാണ് ഇത്തവണ മത്സരം നടക്കുന്നത്.
47 ദിവസങ്ങളിലായി നടക്കുന്ന 10-ാം എഡിഷനില്‍ പ്രാഥമിക റൗണ്ടില്‍ ഓരോ ടീമിനും 14 മത്സരങ്ങള്‍ വീതമുണ്ടാകും. ഏഴു മത്സരങ്ങള്‍ ഓരോ ടീമിനും സ്വന്തം മൈതാനത്തു കളിക്കാം. 2011നു ശേഷം ആദ്യമായി ഇന്‍ഡോര്‍ മത്സരവേദിയായി തീരുമാനിച്ചിട്ടുണ്ട്. മേയ് 21ന് ഹൈദരാബാദില്ത്തന്നെയാണ് കലാശപ്പോരാട്ടവും. ഏപ്രില്‍ ആറാം തീയതി റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്സ്, മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഏഴിന് കോല്‍ക്കത്ത ഗുജറാത്ത് ലയണ്‍സിനെയും എട്ടിന് ഡല്‍ഹി ഡയര്‍ ഡെവിള്‍സ് ബംഗളൂരുവിനെയും കിംഗ്സ് ഇലവന് പഞ്ചാബ് റൈസിംഗ് പൂനയെയും നേരിടും.
ഈ മാസം 20ന് ഐപിഎല്‍ ലേലം നടക്കും. വിവിധ രാജ്യങ്ങളില്‍നിന്നായി 351 താരങ്ങള്‍ ലേലത്തിലുണ്ടാകും. 799 താരങ്ങളായിരുന്നു ലേലത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 122 താരങ്ങള്‍ വിദേശത്തുനിന്നാണ്. യുഎഇ, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ ലേലത്തിനുണ്ട് എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.
കേരളത്തില്‍നിന്ന് രോഹന് പ്രേം, സി.വി. വിനോദ്കുമാര്‍, ഓപ്പണിംഗ് ബാറ്റ്സ്മാന് വിഷ്ണു വിനോദ്, ബൗളര്‍മാരായ ബാസില്‍ തമ്പി, സന്ദീപ് വാര്യര്‍ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്. സഞ്ജു സാംസണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലും സച്ചിന് ബേബി ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിലും കളിക്കും. കരുണ്‍ നായര്‍, ശ്രേയസ് അയ്യര്‍ എന്നീ മറുനാടന്‍ മലയാളികള്‍ ഡല്‍ഹി ടീമിനൊപ്പമുണ്ട്. യുവതാരങ്ങളായ പൃഥ്വി ഷാ, ഹിമാന്‍ഷു റാണ എന്നിവരും ലേലപ്പട്ടികയിലെത്തിയിട്ടുണ്ട്. –