ഐപിഎലിൽ കന്നിക്കിരീടം തേടിയാണ് കിംഗ്സ് ഇലവന് പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂര്, ഡല്‍ഹി കാപ്പിറ്റല്‍സ് എന്നിവ ഇറങ്ങുന്നത്. രാജസ്ഥാന് റോയല്‍സ് ആണെങ്കില്‍ ഒരിക്കല്‍ക്കൂടി കിരീടം സ്വന്തമാക്കാനും. മികച്ച നിരയുമായാണ് നാലു ടീമും ഇറങ്ങുന്നത്. ഓരോ ടീമിലും വ്യക്തിഗത മികവ് കൊണ്ടും കളി ജയിപ്പിക്കാന്‍ കഴിയുന്നവര്‍ ധാരാളം.
ഐപിഎൽ ഉദ്ഘാടന മത്സരത്തില്‍ മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂര് നേരിടും.
മൂന്നാം മത്സരത്തല്‍ കാപ്പിറ്റല്‍സ് മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും. നാലാം മത്സരത്തില്‍ രാജസ്ഥാന് റോയല്‍സും കിംഗ്സ് ഇലവനും തമ്മിലുള്ള പോരാട്ടമാണ്.
രാജസ്ഥാന് റോയല്‍സ്
നായകന്: അജിങ്ക്യ രാഹനെ
കോച്ച്: പാഡി അപ്ടണ്
ഹോംഗ്രൗണ്ട്: സവായ് മാന്‍സിംഗ് സ്റ്റേഡിയം, ജയ്പുര്‍
മികച്ച പ്രകടനം : 2008 ചാമ്പ്യന്മാര്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന പതിപ്പിലെ ചാമ്പ്യന്മാരാണ് രാജസ്ഥാന് റോയല്‍സ്. കിരീടത്തിലേക്കു നയിച്ചത് ഇതിഹാസതാരം ഷെയ്ന് വോണും. കഴിഞ്ഞ സീസണില്‍ ജോസ് ബട്ലര്, സഞ്ജു സാംസണ്, അജിങ്ക്യ രഹാനെ, ജോഫ്ര ആര്‍ച്ചര്‍, കൃഷ്ണപ്പ ഗൗതം എന്നിവരൊഴികെ മറ്റുള്ളവര്‍ ശരാശരിയില്‍ താഴെയുള്ള പ്രകടനമാണ് നടത്തിയത്. പ്ലേ ഓഫിലെത്താന്‍ കഴിഞ്ഞ സീസണിലായി. പിങ്ക് സിറ്റിയില്‍നിന്നുള്ള റോയല്‍സ് ഇത്തവണ പിങ്ക് ജഴ്്സിയിലാണ് ഇറങ്ങുക.
കരുത്ത്: റോയല്‍സിന്റെ ബാറ്റിംഗ് നിര മികച്ചതാണ്. വിലക്കിനുശേഷം സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുന്നതോടെ ബാറ്റിംഗ് നിര കൂടുതല്‍ ശക്തമാകും. ജോസ് ബട്ലര്, സഞ്ജു സാംസണ്, അജിങ്ക്യ രഹാനെ, ജോഫ്ര ആര്‍ച്ചര്‍, കൃഷ്ണപ്പ ഗൗതം, ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് എന്നിവര്‍ വന്‍ സ്കോര്‍ നേടാന്‍ സാമര്‍ഥ്യമുള്ളവരാണ്. ഇതില്‍ രഹാനെയ്ക്കാണെങ്കില് ലോകകപ്പിനു മുമ്പ് ഫോം തെളിയിക്കേണ്ടതുമുണ്ട്. കരുത്ത് കൂട്ടാന്‍ മനന്‍ വോറയെ എടുത്തിട്ടുണ്ട്.
ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയില്‍ ഒരൊറ്റ മത്സരം കൊണ്ട് ബാറ്റിംഗ് കരുത്ത് പുറത്തെടുത്ത ആഷ്ടണ്‍ ടേണര്‍ ടീമിലുള്ളത് മധ്യനിരയെ ശക്തമാക്കും. ബട്ലറും സഞ്ജുവും വിക്കറ്റ്കീപ്പര്മാരായതുകൊണ്ട് ഇവരെ മാറിമാറി ഉപയോഗിക്കാം. സ്റ്റോക്സ്, ജയദേവ് ഉനദ്കട്, വരുണ്‍ ആരോണ്‍, ശ്രേയസ് ഗോപാല്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവരടങ്ങുന്ന പേസ് നിരയും മികച്ചത്.
ദൗര്‍ബല്യം: ടീമില്‍ കൊള്ളാവുന്ന ഒരു സ്പിന്നറില്ല. ഇഷ് സോധിമാത്രമാണ് തരക്കേടില്ലാത്ത ഒരു സ്പിന്നര്‍. ലോകകപ്പ് സമീപിച്ചിരിക്കുന്നതുകൊണ്ട് ടീമിലെ പലരും ടീമിനൊപ്പം മുഴുവന്‍ മത്സരങ്ങളിലും ഉണ്ടാകില്ലെന്ന കാര്യം സത്യമാണ്. സ്മിത്ത്, ബട്ലര്, സ്റ്റോക്സ് എന്നിവര്‍ നേരത്തെ മടങ്ങിയേക്കും.
കിംഗ്സ് ഇലവൺ പഞ്ചാബ്
നായകന്: രവിചന്ദ്രന്‍ ആശ്വിന്
കോച്ച്: മൈക്ക് ഹെസന്
ഹോം ഗ്രൗണ്ട്: പിസിഎ സ്റ്റേഡിയം മൊഹാലി
മികച്ച പ്രകടനം: 2014 റണ്ണേഴ്സ് അപ്പ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ജേതാക്കളാകാത്ത മൂന്നു ടീമുകളില്‍ ഒന്നാണ് പഞ്ചാബില്‍നിന്നുള്ള കിംഗ്സ് ഇലവൺ. പലപ്പോഴും മികച്ച കളിക്കാരുമായാണ് എത്തുന്നതെങ്കിലും അവരില്‍നിന്നുള്ള പ്രകടനം മങ്ങുന്നതാണ് കിംഗ്സ് ഇലവണു തിരിച്ചടിയാകുന്നത്. 2018ല്‍ ആദ്യ ആറു മത്സരത്തില്‍ അഞ്ചിലും ജയിച്ചു. എന്നാല്‍, അടുത്ത എട്ട് മത്സരങ്ങളില്‍ ഒരു ജയം മാത്രമായി പോയിന്റ് പട്ടികയില്‍ ഏഴാമതായി. ഈ സീസണില്‍ പല കളിക്കാരെയും നിലനിര്‍ത്തിയാണ് കിംഗ്സ് ഇവലണെത്തുന്നത്.
കരുത്ത്: ബാറ്റിംഗ് ലൈനപ്പാണ് ഏറ്റവും വലിയ കരുത്ത്. മുന്‍നിരയില്‍ കളിക്കാന്‍ ക്രിസ് ഗെയ്ലിനെയും രാഹുലിനെയും പോലുള്ളവര്‍. ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഗെയ്ല് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഡേവിഡ് മില്ലര്‍, മന്ദീപ് സിംഗ്, മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍ എന്നിവര്‍ മധ്യനിരയെ ശക്തമാക്കും. വിക്കറ്റ്കീപ്പര്‍ കൂടിയായ നിക്കോളസ് പുരാന് ഫോമിലാണ്.
പുതിയായി ടീമിലെത്തിയ ഓള്‍റൗണ്ടര്‍ സാം കരന്റെ പ്രകടനവും നിര്‍ണായകമാകും. 4.80 കോടി രൂപയ്ക്ക് സ്വന്തമാക്കിയ പരഭ്സിമ്രാന് സിംഗിനെ മുന്‍നിരയില്‍ കളിപ്പിച്ചേക്കും. അശ്വിന് നയിക്കുന്ന സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് പഞ്ചാബിന് അഫ്ഗാന്‍താരം മുജീബ് ഉര് റഹ്മാനും പുതിയ സെന്സേഷന് വരുണ്‍ ചക്രവര്‍ത്തിയുമുണ്ട്.
ദൗര്‍ബല്യം: സ്ഥിരതയില്ലാത്ത ബാറ്റിംഗ് നിര. മധ്യനിരയും അതിനു താഴെയുള്ളമുള്ള ബാറ്റിംഗ് നിരയുടെ മോശം ഫോം. ഫിനിഷിംഗ് റോളില്‍ കഴിഞ്ഞ സീസണില്‍ ആളില്ലാതായത് കിംഗ്സ് ഇലവനെ പുറത്തേക്കു നയിച്ചു. അഗര്‍വാളിന്റെയും മില്ലറുടെയും ഫോം. മികച്ച ഇന്ത്യന്‍ പേസര്‍മാരുടെ കുറവ്. ഷമിക്ക് ഐപിഎലില്‍ ഓര്‍മിയില്‍ സൂക്ഷിക്കാന്‍ തക്ക റിക്കാര്ഡല്ല ഉള്ളത്.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു
നായകന്: വിരാട്് കോഹ്ലി
കോച്ച്: ഗാരി കേഴ്സ്റ്റണ്
ഹോംഗ്രൗണ്ട്: എം. ചിന്നസ്വാമി സ്റ്റേഡിയം ബംഗളൂരു
മികച്ച പ്രകടനം: 2009, 2011, 2016 റണ്ണേഴ്സ് അപ്പ്
എല്ലാം സീസണിലും മികച്ച കളിക്കാരുമായി വന്‍പ്രതീക്ഷയോടെയാണ് എത്തുന്നതെങ്കിലും ഇതുവരെ ഐപിഎല്‍ ചാമ്പ്യന്മാരാകാന് കഴിയാത്ത ടീമുകളിലൊന്നാണ് റോയല്‍ ചലഞ്ചേഴ്സ്. ടീം കൂടുതല്‍ സന്തുലിതമാക്കുന്നതിന് ഓള്റൗണ്ടര്മാരെയുമെത്തിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ്കീപ്പര്‍ ഹെന്റിച്ച് ക്ലാസനെയെത്തിച്ചുകൊണ്ട് ഒരു വിക്കറ്റ്കീപ്പറെക്കൂടി നേടാനായി.
കരുത്ത്: ഇത്തവണയും ശക്തമായ ബാറ്റിംഗ് നിരയാണുള്ളത്. ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ വിരാട് കോഹ്ലി 2008 മുതല്‍ ടീമിനൊപ്പമുണ്ട്. ഏതു ഡിഗ്രിയിലും നിന്ന് ബാറ്റ് ചെയ്യാന്‍ കഴിവുള്ള ഡിവില്യേഴ്സും ചേരുമ്പോള്‍ ബാറ്റിംഗ് നിര കൂടുതല്‍ ശക്തമാകും. മധ്യനിരയില്‍ ക്ലാസനും ഹെറ്റ്മെയറും ഇവര്‍ക്കൊപ്പം മാര്‍കസ് സ്റ്റോയിനിസ്, മോയിന്‍ അലി, കോളിന് ഡി ഗ്രാന്‍ഡ്ഹോം എന്നിവര്‍ മികച്ച ഓള്‍റൗണ്ടര്‍മാരും ഫിനിഷര്മാരുമാണ്.
സ്റ്റോയിനിസ് കഴിഞ്ഞ ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയില്‍ ബാറ്റ് കൊണ്ടും പന്തുകൊണ്ടും നല്ല പ്രകടനം നടത്തിയിരുന്നു. ശിവം ദുബെയെ കോഹ്ലിക്ക് ഫിനിഷറുടെ സ്ഥാനത്ത് ഇറക്കാവുന്നതാണ്. പേസ് നിരയില്‍ ഉമേഷ് യാദവ്, നഥാന്‍ കോള്‍ട്ടര്‍ നീല്‍, ടിം സൗത്തി, മുഹമ്മദ് സിറാജ് എന്നിവര്‍ ലോകകപ്പിനു മുമ്പ് ഫോം തെളിയിക്കാനുള്ള ഒരുക്കത്തിലാണ്. റിസ്റ്റ്സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനും ഫോം തെളിയിക്കേണ്ടതുണ്ട്.
ദൗര്‍ബല്യം: ബാറ്റിംഗില്‍ വന്‍ നിരയുള്ളപ്പോള്‍ ആരെയൊക്കെ എവിടെ കളിപ്പിക്കണമെന്ന സംശയം. കോഹ്ലിയെയും ഡി വില്യേഴ്സിനെയും കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്നത് തിരിച്ചടിയാകും. ഓപ്പണിംഗില്‍ പാര്‍ഥിപ് പട്ടേലിനൊപ്പം ആരെയിറക്കണമെന്ന കാര്യത്തില്‍ തീരുമാനം ബുദ്ധിമുട്ടാണ്. ഡെത്ത് ഓവര്‍ ബൗളര്‍മാരുടെ കുറവുണ്ട്.
ഡല്‍ഹി കാപ്പിറ്റല്‍സ്
നായകന്: ശ്രേയസ് അയ്യര്‍
പരിശീലകന്: റിക്കി പോണ്ടിംഗ്
ഹോം ഗ്രൗണ്ട്: ഫിറോസ് ഷാ കോട്ല, ഡല്‍ഹി
ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്ന പേര് മാറ്റി ഡല്‍ഹി കാപ്പിറ്റല്‍സ് എന്ന പുതിയ പേരില്‍. ഐപിഎല്‍ 12-ാം പതിപ്പില്‍ ഭാഗ്യം തേടിയാണ് കാപ്പിറ്റല്‍സ് ഇറങ്ങുന്നത്. ഡെയര്‍ഡെവിള്‍സിന്റെ ഉടമസ്ഥാവകാശത്തിന്റെ പകുതി ജെഎസ്ഡബ്ല്യു വാങ്ങിയതോയാണ് പുതിയ പേര് സ്വീകരിച്ചത്. ഡെയര്‍ഡെവിള്‍സ് രണ്ടു തവണ സെമിയിലും ഒരു തവണ പ്ലേ ഓഫും കളിച്ചെങ്കിലും ഫൈനലിലെത്താനായിട്ടില്ല. ശിഖര്‍ ധവാനെയെത്തിച്ചുകൊണ്ട് മുന്‍നിര മികച്ചതാക്കി. ഉപദേശകനായി മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലിയെ എത്തിച്ചതിലൂടെ പുതിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.
കരുത്ത്: യുവത്വവും ഒപ്പം പരിചയസമ്പത്തും നിറഞ്ഞതാണ് കാപ്പിറ്റല്‍സ് നിര. വ്യക്തിഗത മികവിലൂടെ തകര്‍പ്പന്‍ അടികള്‍ക്കു പേരുകേട്ടവര്‍ ടീമില്‍ ധാരാളം. ധവാനും പൃഥ്വി ഷായും ഓപ്പണിംഗിനിറങ്ങുമ്പോള് ഇടം-വലം കൈ കൂട്ടുകെട്ട് ലഭിക്കും. ധവാന്, കോളിന് ഇന്‍ഗ്രാം, കോളിന് മണ്‍റോ, ക്രിസ് മോറിസ് എന്നീ പരിചയസമ്പന്നര്‍ക്കൊപ്പം യുവക്കാളായ ശ്രേയസ് അയ്യര്‍, ഷാ, ഋഷഭ് പന്ത് എന്നിവരും ബാറ്റിംഗിനെ ശക്തമാക്കും.
ഹനുമ വിഹാരിയും ഇന്‍ഗ്രാമും ബാറ്റേന്തുന്ന മധ്യനിരയില്‍ ആ സ്ഥാനത്തെ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കപ്പെടും. ഫിനിഷിംഗിനു മോറിസും അക്ഷര്‍ പട്ടേലും പ്രാപ്തരാണ്. കാഗിസോ റബാഡ, ട്രെന്‍ഡ് ബോള്‍ട്ട്, ക്രിസ് മോറിസ് എന്നിവരടങ്ങുന്ന പേസ് നിര ഈ സീസണിലെ തന്നെ ഏറ്റവും മാരകമായതാണ്്.
ദൗര്‍ബല്യം: മുന്‍നിര ബാറ്റിംഗ് നിര മികച്ചതെങ്കിലും മധ്യനിരയില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ കുറവുണ്ട്. ബൗളിംഗ് നിരയിലേക്കു നോക്കിയാല്‍ ഗംഭീരമാണ്. പേസ് നിരയില്‍ കൊള്ളാവുന്ന ഇന്ത്യന്‍ ബൗളര്‍മാരില്ല. ആവേശ് ഖാന് കഴിഞ്ഞ സീസണില്‍ നന്നായിട്ടെറിഞ്ഞെങ്കിലും റണ്‍സ് വഴങ്ങുന്നു. ഫിനിഷറുടെ അഭാവവുമുണ്ട്.
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ