ജയ്പുർ: രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ ട്വന്റി-20 പോരാട്ടത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം. 37 പന്ത് ബാക്കിനിൽക്കേ എട്ട് വിക്കറ്റിനാണ് നൈറ്റ് റൈഡേഴ്സിന്റെ ജയം.
59 പന്തിൽ ഏഴ് ഫോറും ഒരു സിക്സും അടക്കം 73 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന സ്റ്റീവ് സ്മിത്തിന്റെ കരുത്തിൽ റോയൽസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 139 റണ്‍സ് എടുത്തു. ക്രിസ് ലിൻ, സുനിൽ നരെയ്ൻ, റോബിൻ ഉത്തപ്പ എന്നിവരുടെ മികവിൽ കോൽക്കത്ത 13.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 140 റണ്‍സ് നേടി ജയത്തിലെത്തി.
രാജസ്ഥാനായി ജോസ് ബട്ലർ 34 പന്തിൽ 37 റണ്‍സ് എടുത്തു. സീസണിലെ ആദ്യ സെഞ്ചുറി നേടിയ സഞ്ഡു വി. സാംസണ് ഇല്ലാതെയാണ് രാജസ്ഥാൻ ഇറങ്ങിയത്. ഓപ്പണർ അജിങ്ക്യ രഹാനെ (അഞ്ച് റണ്‍സ്), രാഹുൽ ത്രിപതി (ആറ് റണ്‍സ്) എന്നിവർക്ക് തിളങ്ങാനായില്ല. ബെൻ സ്റ്റോക്സ് 14 പന്ത് നേരിട്ട് ഏഴ് റണ്‍സ് മാത്രം എടുത്തതും രാജസ്ഥാന്റെ സ്കോറിംഗിനെ പിന്നോട്ടടിച്ചു.
കോൽക്കത്തയ്ക്കായി ഹാരി ഗർണെ നാല് ഓവറിൽ 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. പിയൂഷ് ചൗള നാല് ഓവറിൽ 19ഉം നരെയ്ൻ 22ഉം റണ്‍സേ വഴങ്ങിയുള്ളൂ. മറുപടിക്കായി ക്രീസിലെത്തിയ നൈറ്റ് റൈഡേഴ്സിനായി ഓപ്പണർമാരായ ക്രിസ് ലിനും (32 പന്തിൽ 50 റണ്‍സ്) നരെയ്നും (25 പന്തിൽ 47 റണ്‍സ്) തകർത്തടിച്ചു. 16 പന്തിൽ 26 റണ്‍സുമായി റോബിൻ ഉത്തപ്പ പുറത്താകാതെനിന്നു.