നിരവധി പുതുമുഖ താരങ്ങൾക്കു ദേശീയ ടീമിലേക്കുള്ള വാതായനമൊരുക്കിയ ചരിത്രമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റിനുള്ളത്. ഇംഗ്ലണ്ടിന്റെ ജോഫ്ര ആർച്ചർ, ഇന്ത്യയുടെ ഋഷഭ് പന്ത്, മുഹമ്മദ് സിറാജ് തുടങ്ങിയവരെല്ലാം ഇതിനുദാഹരണം. ഇത്തവണയും ആ പതിവിൽ മാറ്റമില്ല. ഐപിഎലിന്റെ 2021 സീസണിലും ശ്രദ്ധേയമായ പോരാട്ടം കാഴ്ചവയ്ക്കാൻ ഒരുപിടി താരങ്ങളെത്തുന്നു, അവരിൽ ചിലരെക്കുറിച്ച്…
മുഹമ്മദ് അസ്ഹറുദ്ദീന്(വിക്കറ്റ്കീപ്പര്‍/ബാറ്റ്സ്മാൻ)
കാസർഗോഡ് സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീൻ ഐപിഎൽ അരങ്ങേറ്റത്തിനാണു തയാറെടുക്കുന്നത്. സയീദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ മുംബൈയ്ക്കെതിരേ 37 പന്തില്‍ സെഞ്ചുറി നേടിയതോടെ ദേശീയ ശ്രദ്ധയാകർഷിച്ചു. ആ മത്സരത്തില്‍ 54 പന്തില്‍ 137 റണ്‍സുമായി പുറത്താകാതെ നിന്നു.
ആ ടൂര്‍ണമെന്റില്‍ അഞ്ച് ഇന്നിംഗ്സില്‍നിന്ന് 214 റണ്‍സ് നേടി. വിരാട് കോഹ്ലിയുടെ കടുത്ത ആരാധകന് കൂടിയായ അസ്ഹറുദ്ദീന് കോഹ്ലിക്കൊപ്പം കളിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. 20 ലക്ഷം രൂപയ്ക്ക് ആര്‍സിബി അസ്ഹറുദ്ദീനെ സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റില്‍ 24 ട്വന്റി-20 മത്സരങ്ങളില്‍ ഇറങ്ങിയിട്ടുള്ള താരം 22.5 ശരാശരിയില്‍ 451 റണ്‍സ് നേടി.
റൈലി മെറഡിത്ത്(പേസര്‍)
ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയയില്‍നിന്നുള്ള വലങ്കയ്യന്‍ പേസര്‍ റൈലി മെറഡിത്തിനെ കിംഗ്സ് ഇലവണ്‍ പഞ്ചാബ് എട്ട് കോടി രൂപയ്ക്കാണു സ്വന്തമാക്കിയത്. 40 ലക്ഷം രൂപ അടിസ്ഥാന വിലയില്നിന്നായിരുന്ന കോടികളുടെ കിലുക്കത്തിലേക്കു മെറഡിത്ത് എത്തിയത്.
150 കിലോമീറ്റർ വേഗത്തിൽ പന്തെറിയാന്‍ കഴിയുന്ന ബൗളറെന്ന മികവിന്റെ പേരിലാണു പഞ്ചാബ് ഈ താരത്തിനായി കോടികള്‍ മുടക്കാന്‍ തയാറായത്. അതോടെ മെറഡിത്ത് അന്തര്‍ദേശീയ മത്സരങ്ങളില്‍ കളിക്കാതെ ഐപിഎല്‍ ലേലത്തില്‍ ഏറ്റവും കൂടുതല്‍ വില ലഭിച്ച വിദേശ കളിക്കാരനുമായി.
പഞ്ചാബിനായി കളിക്കാരെ തേടുന്ന സംഘം 2020-21 ബിഗ് ബാഷ് ലീഗില്വച്ചാണു മെറഡിത്തിനെ കണ്ടെത്തിയത്. മാരക പേസുമായി ബാറ്റ്സ്മാന്മാരെ വിഷമിപ്പിക്കുന്ന താരം ആ സീസണില്‍ 13 മത്സരങ്ങളില്‍നിന്നു 16 വിക്കറ്റ് വീഴ്ത്തി.
മാര്‍ച്ചില്‍ മെറഡിത്ത് ഓസ്ട്രേലിയയ്ക്കായി അരങ്ങേറ്റം കുറിച്ചു. ഐപിഎല്‍ താരലേലത്തില്‍ ഏറ്റവുമധികം വില ലഭിച്ച രണ്ടാമത്തെ പേസ് ബൗളറെന്ന റിക്കാര്‍ഡും മെറഡിത്തിനാണ്. ജേ റിച്ചാര്ഡ്സണ്, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം മെറഡിത്തും ചേരുമ്പോള്‍ പഞ്ചാബിന്റെ പേസ് ആക്രമണം കൂടുതല്‍ ശക്തമാകും.
ലിയാം ലിവിംഗ്സ്റ്റണ്(ബാറ്റ്സ്മാന്)
കഴിഞ്ഞ മാസം അവസാനിച്ച ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ലിവിംഗ്സ്റ്റണ് കളിച്ചിരുന്നു. രണ്ടു മത്സരങ്ങളില്‍നിന്ന് 63 റണ്‍സ് നേടി.
ഇംഗ്ലീഷ് താരത്തെ രാജസ്ഥാന് റോയല്‍സ് അടിസ്ഥാന വിലയായ 75 ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്. ബിഗ് ബാഷ് ലീഗില്‍ മികച്ച പ്രകടനം നടത്തി. പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന്റെ ഓപ്പണറായി. 2019ല്‍ ബിഗ് ബാഷില്‍ അരങ്ങേറ്റം കുറിച്ച താരം 28 കളിയില്‍നിന്ന് 851 റണ്‍സ് നേടിയിട്ടുണ്ട്. ബിഗ് ബാഷ് കരിയറിൽ 55 സിക്സ് പറത്തിയിട്ടുണ്ട്.
ഷാരൂഖ് ഖാന്(ബാറ്റ്സ്മാന്)
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ പേരുമായി ക്രിക്കറ്റിലെ ഒരു സൂപ്പര്‍ സ്റ്റാറാകാനാണു തമിഴ്നാട്ടില്‍നിന്നുള്ള ബാറ്റ്സ്മാന്റെ ഒരുക്കം. ഐപിഎല്‍ താരലേലത്തില്‍ 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഈ വലങ്കയ്യന്‍ ബാറ്റ്സ്മാനു ലേലം പൂര്‍ത്തിയായപ്പോള്‍ കിംഗ്സ് ഇലവണ്‍ പഞ്ചാബ് 5.25 കോടി രൂപയ്ക്ക് സ്വന്തമാക്കി.
താരത്തിന്റെ ആകാരം കണ്ട് പഞ്ചാബിന്റെ മുഖ്യ പരിശീലകന് അനില്‍ കുംബ്ലെ വിന്‍ഡീസ് താരം കിറോണ്‍ പൊളാര്ഡിനോടാണു താരതമ്യപ്പെടുത്തിയിരിക്കുന്നത്. ബാറ്റിംഗ് നിരയില്‍ ആറാമതോ ഏഴാമതോ ഇറക്കാം. സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനമാണു ഷാരൂഖ് നടത്തിയത്.
ഹിമാചല്‍ പ്രദേശിനെതിരേയുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ 136 റണ്‍സ് പിന്തുടരുന്ന തമിഴ്നാട് 66/5 എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു. ഈ സമയത്ത് ബാറ്റ് ചെയ്ത ഷാരൂഖ് പുറത്താകാതെ നേടിയ 19 പന്തില്‍ 40 റണ്‍സുമായി തമിഴ്നാടിനെ അഞ്ചു വിക്കറ്റ് ജയത്തിലെത്തിച്ചു. ഫൈനലില്‍ താരം ഏഴു പന്തില്‍ 18 റണ്‍സ് നേടി. കിരീടം തമിഴ്നാടിനായിരുന്നു.
ചേതന്‍ സകരിയ (മീഡിയം പേസര്‍)
സൗരാഷ്ട്രയ്ക്കായി കളിക്കുന്ന ഈ അണ്‍ക്യാപ്ഡ് മീഡിയം പേസറിനെ രാജസ്ഥാന് റോയല്‍സ് 1.20 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. 20 ലക്ഷം രൂപ അടിസ്ഥാനവിലയില്നിന്നാണ് കോടികളിലേക്ക് സകരിയ എത്തിയത്. സകരിയയ്ക്കായി ആര്‍സിബിയും ശക്തമായി രംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ സീസണില്‍ ആര്‍സിബി നെറ്റ് ബൗളറായിരുന്നു സകരിയ. 16 ആഭ്യന്തര ട്വന്റി-20 മത്സരങ്ങളില്‍ ഇറങ്ങിയിട്ടുള്ള താരം 7.08 ഇക്കോണമി റേറ്റില്‍ 28 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ അഞ്ച് കളിയില്‍നിന്ന് 12 വിക്കറ്റുകള്‍ നേടി. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഡോട് ബോളുള്ളവരുടെ പട്ടികയില്‍ രണ്ടാമനുമായി (65).