ചെന്നൈ: 2022 ഐപിഎല്ലിലെ മത്സരഫലങ്ങളെല്ലാം ഒത്തുകളിയായിരുന്നു എന്ന ഗുരുതര ആരോപണവുമായി മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. സമൂഹമാധ്യമത്തിലൂടെയാണു സ്വാമി ഐപിഎല്ലിനെതിരേ ആഞ്ഞടിച്ചത്.
ഐപിഎല്ലിലെ മത്സരഫലങ്ങളെല്ലാം വ്യാജമാണെന്ന സംശയം ഇന്റലിജൻസ് ഏജൻസികൾക്കുണ്ട്. ഇതിൽ വ്യക്തത വരുത്തണം. അതിനായി അന്വേഷണം ആരംഭിക്കണം.
പക്ഷേ പൊതുതാത്പര്യ ഹർജി സമർപ്പിക്കേണ്ടിവരും. കാരണം ബിസിസിഐയുടെ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകൻ ജയ് ഷാ ആണ്.
അതുകൊണ്ടുതന്നെ സർക്കാർ അന്വേഷണം നടത്തുമോ എന്ന കാര്യം സംശയമാണ് – സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു.
സംഭവം ചൂടുപിടിച്ചതോടെ ആളുകൾ കൂട്ടമായി സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്രകടനത്തിനെത്തി. ഐപിഎൽ ഫൈനലിനെക്കുറിച്ചും ആളുകൾ സംശയം പ്രകടിപ്പിച്ചു.
ഫൈനലിൽ ടോസ് നേടിയിട്ടും രാജസ്ഥാൻ നായകൻ ബാറ്റിംഗ് തെരഞ്ഞെടുത്തതു സംശയത്തിനു കാരണമായിരുന്നു. മികച്ച ചേസിംഗ് റിക്കാർഡുള്ള ഗുജറാത്തിനെതിരേ അവരുടെ ഗ്രൗണ്ടിൽ ബാറ്റിംഗ് തെരഞ്ഞെടുത്തതാണു സംശയത്തിനു കാരണം.