ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം എഡിഷനു മുന്നോടിയായുള്ള താര ലേലം ഇന്നു നടക്കും. 2024 ഐപിഎല്ലിനായുള്ള കളിക്കാരുടെ ലേലമാണ് നടക്കാനൊരുങ്ങുന്നത്. ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് നടക്കുന്നതിനൊപ്പമാണ് ലേലം എന്നതും ശ്രദ്ധേയം.
2024 ഐപിഎൽ പോരാട്ടം മാർച്ച് 22 മുതൽ മേയ് അവസാനംവരെ നടക്കുമെന്ന് ഏകദേശ സൂചനയുണ്ട്. ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കുന്ന പശ്ചാത്തലത്തിൽ കൃത്യമായ തീയതി പ്രഖ്യാപിക്കാൻ ബിസിസിഐക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇക്കാര്യവും മനസിൽവച്ചായിരിക്കും ഫ്രാഞ്ചൈസികൾ ലേലത്തിൽ പങ്കെടുക്കുക.
മല്ലിക, ദുബായ് ആദ്യം
ദുബായിലാണ് ഇത്തവണത്തെ ലേലം അരങ്ങേറുന്നത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് ഒരു മണി മുതൽ കൊക്ക-കോള അരീനയിൽ ലേലത്തിനു തുടക്കമാകും. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യക്കു പുറത്തുവച്ച് ലേലം അരങ്ങേറുന്നത്.
മാത്രമല്ല, ഇത്തവണ ലേലം നിയന്ത്രിക്കുന്നത് മുംബൈക്കാരിയായ മല്ലിക സാഗറാണ്. ഐപിഎൽ ലേലം ആദ്യമായാണ് ഒരു വനിത നയിക്കുന്നത്. ഇതുവരെ നടന്ന 16 എഡിഷൻ ലേലവും ഹഗ് എഡ്മീഡ്, റിച്ചാർഡ് മാഡ്ലി, ചാരു ശർമ എന്നിവരായിരുന്നു നയിച്ചത്. വനിതാ പ്രീമിയർ ലീഗ്, കബഡി ലീഗ് തുടങ്ങിയ ലേലം നടത്തി മുൻപരിചയമുള്ളയാളാണ് മല്ലിക.
333 കളിക്കാർ, 77 സ്ലോട്ട്
നാളെ നടക്കുന്ന താര ലേലത്തിനായി 333 കളിക്കാരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 10 ഫ്രാഞ്ചൈസികളിലായി 77 ഒഴിവുകളുണ്ട്. ഇതിൽ 30 എണ്ണം വിദേശ താരങ്ങൾക്കു വേണ്ടിയുള്ളതാണ്. രജിസ്റ്റർ ചെയ്തിരിക്കുന്ന 333 കളിക്കാരിൽ 214ഉം ഇന്ത്യക്കാരാണ്, വിദേശത്തുനിന്ന് 119 പേരുണ്ട്. അസോസിയേറ്റ് രാജ്യങ്ങളിൽനിന്നുള്ള രണ്ട് കളിക്കാർ അടക്കം രാജ്യാന്തര മത്സര പരിചയം ഇല്ലാത്ത 215 കളിക്കാരുണ്ട്. ശേഷിക്കുന്ന 116 പേർ രാജ്യാന്തര പരിചയമുള്ളവരാണ്.
അക്കൗണ്ട് ബാലൻസ്
2024 ലേലത്തിനായി ഒരുങ്ങുന്ന ഐപിഎൽ ഫ്രാഞ്ചൈസികളിൽ ഏറ്റവും കൂടുതൽ തുക ബാലൻസ് ഉള്ളത് 2022 ചാന്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനാണ്. 38.15 കോടി രൂപയാണ് ഗുജറാത്തിന്റെ അക്കൗണ്ടിൽ ബാലൻസ് ഉള്ളത്.
ബാക്കിയുള്ള ടീമുകളുടെ ബാലൻസ് ഷീറ്റ്: സണ്റൈസേഴ്സ് ഹൈദരാബാദ് (34 കോടി), കോൽക്കത്ത നൈറ്റ് റൈഡേഴ്സ് (32.7 കോടി), ചെന്നൈ സൂപ്പർ കിംഗ്സ് (31.4 കോടി), പഞ്ചാബ് കിംഗ്സ് (29.1 കോടി), ഡൽഹി ക്യാപിറ്റൽസ് (28.95), റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (23.25 കോടി), മുംബൈ ഇന്ത്യൻസ് (17.75 കോടി), രാജസ്ഥാൻ റോയൽസ് (14.5 കോടി), ലക്നോ സൂപ്പർ ജയന്റ്സ് (13.15 കോടി).
വിലയേറിയവർ
17-ാം ഐപിഎൽ താരലേലത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്ന കളിക്കാരിൽ ഏറ്റവും കൂടുതൽ അടിസ്ഥാന വില രണ്ട് കോടി രൂപയാണ്. 23 കളിക്കാരാണ് അടിസ്ഥാന വില രണ്ട് കോടിയിൽ ഉള്ളത്.
1.5 കോടി, ഒരു കോടി അടിസ്ഥാന വിലയുള്ള 13 കളിക്കാർ വീതവും ലേലത്തിലുണ്ട്.
രണ്ട് കോടി അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങൾ മൂന്ന് പേരാണ്. ഹർഷൽ പട്ടേൽ, ഷാർദുൾ ഠാക്കൂർ, ഉമേഷ് യാദവ് എന്നിവരാണവർ.
ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്, പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ്, സീൻ അബൗട്ട്, ഇംഗ്ലണ്ടിന്റെ ബെൻ ഡക്കറ്റ്, ഡേവിഡ് വില്ലി, ജയിംസ് വിൻസി, ഹാരി ബ്രൂക്ക്, ക്രിസ് വോക്സ്, ദക്ഷിണാഫ്രിക്കയുടെ ജെറാൾഡ് കോറ്റ്സി, റിലീ റൂസോ, വാൻഡർ ഡസൻ എന്നിവരെല്ലാം രണ്ട് കോടി അടിസ്ഥാന വിലയുള്ളവരാണ്.
അതേസമയം, 2023 ഏകദിന ലോകകപ്പിൽ തരംഗമായ ന്യൂസിലൻഡ് ഓൾറൗണ്ടർ രചിൻ രവീന്ദ്രയുടെ അടിസ്ഥാന വില 50 ലക്ഷം മാത്രമാണ്.
2023 സീസണിൽ ഇംഗ്ലീഷ് ഓൾ റൗണ്ടറായ സാം കറനെ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയതാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ലേലം.