ജിദ്ദ: ഐപിഎൽ 2025 സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം ജിദ്ദയിൽ പുരോഗമിക്കുന്പോൾ ഇന്നലെ നേട്ടമുണ്ടാക്കിയത് ഇന്ത്യൻ പേസർമാർ. നാളുകളായി ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്ത ഭുവനേശ്വർ കുമാർ, ദീപക് ചാഹർ തുടങ്ങിയവർക്ക് ലേലത്തിന്റെ രണ്ടാം ദിനം വൻ തുക ലഭിച്ചു.
ഭുവനേശ്വറിനെ 10.75 കോടി രൂപയ്ക്ക് ആർസിബി സ്വന്തമാക്കി. ദീപക് ചാഹർ 9.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിലെത്തി. ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയങ്ങളായ മുകേഷ് കുമാർ, ആകാശ്ദീപ് സിംഗ് എന്നിവർക്ക് എട്ടു കോടി രൂപ വീതം ലഭിച്ചു. മുകേഷിനെ ഡൽഹി ആടിഎമ്മിലൂടെ തിരികെയെത്തിച്ചു. ആകാശ്ദീപിനെ ലക്നൗ സ്വന്തമാക്കി. തുഷാർ ദേശ്പാണ്ഡെയെ 6.50 കോടിക്ക് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു.
ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മാർക്കോ യാൻസനെ ഏഴു കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് വാങ്ങി. ഇന്ത്യൻ ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യയെ 5.75 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ടീമിലെടുത്തു. ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡിനെ 12.5 കോടി രൂപയ്ക്ക് ആർസിബിയെടുത്തു.
കേരള ബാറ്റർ വിഷ്ണു വിനോദ് 95 ലക്ഷം രൂപയ്ക്ക് പഞ്ചാബിലെത്തി. കേരള രഞ്ജി ട്രോഫി ടീം ക്യാപ്റ്റൻ സച്ചിൻ ബേബിയെ 30 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.