ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2024 സീസൺ കിരീടം കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്. പാറ്റ് കമ്മിൻസ് നയിച്ച സൺറൈസേഴ്സ് ഹൈദരാബാദിനെ ഫൈനലിൽ ഏകപക്ഷീയമായി എട്ട് വിക്കറ്റിനു കീഴടക്കിയാണ് ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ കോൽക്കത്ത ചാന്പ്യന്മാരായത്.
ഐപിഎല്ലിൽ കെകെആറിന്റെ മൂന്നാം കിരീടം. ഇതിനു മുന്‍പ് 2012, 2014 സീസണുകളിലും കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാന്പ്യന്മാരായിട്ടുണ്ട്.
സൺറൈസേഴ്സ് മുന്നോട്ടുവച്ച 114 റൺസ് എന്ന ചെറിയ ലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കോൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. മൂന്നാം നന്പറായി ക്രീസിലെത്തിയ വെങ്കിടേഷ് അയ്യർ (26 പന്തിൽ 52 നോട്ടൗട്ട്) അർധസെഞ്ചുറി നേടി. റഹ്മനുള്ള ഗുർബാസ് (32 പന്തിൽ 39), സുനിൽ നരെയ്ൻ (6) എന്നിവരുടെ വിക്കറ്റാണ് കെകെആറിന് നഷ്ടപ്പെട്ടത്. ശ്രേയസ് അയ്യർ (6) വെങ്കിടേഷിന് ഒപ്പം പുറത്താകാതെനിന്നു.
കോൽക്കത്ത ബൗളിംഗ്
ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ക്വാളിഫയർ രണ്ടിൽ രാജസ്ഥാൻ റോയൽസ് സണ്‍റൈസേഴ്സിനെതിരേ എടുത്തതുപോലെ, നാശത്തിലേക്കുള്ള തീരുമാനമായിരുന്നു അത്. ഇന്നിംഗ്സിലെ അഞ്ചാം പന്ത് മുതൽ വിക്കറ്റ് നഷ്ടപ്പെടാൻ തുടങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സ്കോർബോർഡ് 18.3 ഓവറിൽ 113ന് നിശ്ചലം.
ഒന്‍പതാമതായി ക്രീസിലെത്തിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് (19 പന്തിൽ 24) സണ്‍റൈസേഴ്സ് ഇന്നിംഗ്സിലെ ടോപ് സ്കോറർ എന്നതാണ് ഏറ്റവും ദയനീയം. 2024 ഐപിഎല്ലിൽ മൂന്ന് തവണ 260നു മുകളിൽ സ്കോർ ചെയ്ത ടീമാണ് സണ്‍റൈസേഴ്സ് എന്നതും വിസ്മരിച്ചുകൂടാ.
സണ്‍റൈസേഴ്സിന്റെ ബാറ്റിംഗിനെ വരിഞ്ഞുമുറുക്കുന്നതായിരുന്നു കോൽക്കത്ത നൈറ്റ് റൈഡേഴ്സ് പേസർമാരുടെ പ്രകടനം. സ്പിന്നിനെ തുണയ്ക്കും എന്നു പറയപ്പെട്ട ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ കെകെആർ പേസർമാർ താണ്ഡവമാടി. മിച്ചൽ സ്റ്റാർക്ക് (2/14), ആന്ദ്രെ റസൽ (3/19), ഹർഷിത് റാണ (2/24), വൈഭവ് അറോറ (1/24) എന്നീ പേസർമാർ ചേർന്ന് എട്ട് വിക്കറ്റ് വീഴ്ത്തി. ശേഷിച്ച രണ്ട് വിക്കറ്റ് സുനിൽ നരെയ്നും (1/16), വരുണ്‍ ചക്രവർത്തിയും (1/9) പങ്കിട്ടു.
ടൂർണമെന്റിന്റെ ബോൾ
25.75 കോടി മുടക്കി 2024 സീസണ് ഐപിഎൽ ലേലത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്കിന്റെ മിന്നും ഓപ്പണിംഗ് സ്പെല്ലായിരുന്നു മത്സരത്തിന്റെ ആകർഷണം.
2024 ഐപിഎല്ലിലെ ഏറ്റവും മനോഹര ബോൾ എന്നു വിശേഷിപ്പിക്കപ്പെട്ട പന്തിൽ സ്റ്റാർക്ക് ഹൈദരാബാദിന്റെ അഭിഷേക് ശർമയെ (2) ബൗൾഡാക്കി. ഇന്നിംഗ്സിലെ ആദ്യ ഓവറിന്റെ അഞ്ചാം പന്ത്. പിച്ചിന്റെ മധ്യത്തിലായി കുത്തിയ ലെംഗ്ത് ബോൾ അവസാന നിമിഷം സ്വിംഗ് ചെയ്ത് അഭിഷേകിന്റെ ഡിഫെൻസ് തകർത്ത് ഓഫ് സ്റ്റംപിന്റെ മുകളിൽകൊണ്ട് ബെയ്ൽസ് തെറിച്ചു! ലീഗ് റൗണ്ടിൽ നിറം മങ്ങിയെങ്കിലും പ്ലേ ഓഫ് ക്വാളിഫയർ ഒന്നിലും (3/34) ഫൈനലിലും (2/14) സ്റ്റാർക്ക് സ്റ്റാറായി.
ആ ഒരു പന്ത് മാത്രം മതിയായിരുന്നു സ്റ്റാർക്കിന് 24.75 കോടി മുടക്കിയതിൽ തെറ്റില്ലെന്ന് സമ്മതിക്കാൻ. രാഹുൽ ത്രിപാഠിയെയും (9) സ്റ്റാർക്ക് മടക്കി. എയ്ഡൻ മാക്രം (20), അബ്ദുൾ സമദ് (4), കമ്മിൻസ് (24) എന്നിവരുടെ വിക്കറ്റാണ് റസൽ സ്വന്തമാക്കിയത്. ഹെൻറിച്ച് ക്ലാസനെയും (16) നിതീഷ് കുമാർ റെഡ്ഡിയെയും (13) ഹർഷിത് റാണയും മടക്കി.
റിക്കാർഡ് നാണക്കേട്
ഐപിഎൽ ഫൈനൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ 113 (18.3).
2013 ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെതിരേ 20 ഓവറിൽ 125 റണ്‍സ് എടുത്തതായിരുന്നു ഇതുവരെയുള്ള ഏറ്റവും ചെറിയ സ്കോർ. മുംബൈയുടെ 148 പിന്തുടർന്നായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് 125/9 എന്ന സ്കോറിൽ ഒതുങ്ങിയത്.