ഐപിഎൽ 2025 സീസണിനു മുന്നോടിയായി നടക്കുന്ന മെഗാ താരലേലത്തിനു മുൻപ് ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി ആറു കളിക്കാരെ വീതം നിലനിർത്താം എന്നു ബിസിസിഐ അറിയിച്ചു.
ഐപിഎൽ ഗവേണിംഗ് കമ്മിറ്റിക്കുശേഷമുള്ള അറിയിപ്പാണിത്. താരങ്ങളെ നിലനിർത്തുകയോ, അല്ലെങ്കിൽ ആർടിഎം (റൈറ്റ് ടു മാച്ച്) ഉപയോഗിക്കുകയോ ചെയ്യാം. മുന്‍പു നടന്ന മെഗാ ലേലത്തിനു മുന്‍പ് പരമാവധി നാലു കളിക്കാരെ മാത്രം നിലനിർത്താനായിരുന്നു അനുമതി ഉണ്ടായിരുന്നത്.
ആറു കളിക്കാരെ നിലനിർത്തുന്നതിൽ, നിലവിൽ ദേശീയ ടീമിൽ കളിച്ചിട്ടില്ലാത്ത ഒരു ഇന്ത്യൻ താരത്തെ അണ്‍ക്യാപ്ഡ് പട്ടികയിലുൾപ്പെടുത്തി നിർത്തണമെന്നും നിബന്ധനയുണ്ട്. നിലനിർത്തുന്ന കളിക്കാർ സ്വദേശികളോ വിദേശികളോ ആകാം.
നിലനിർത്തുന്ന അഞ്ചു കളിക്കാരിലെ ആദ്യ മൂന്നു താരങ്ങൾക്കു നൽകേണ്ട തുകയെ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ടീമുകൾ നിലനിർത്തുന്ന ഏറ്റവും പ്രധാന താരത്തിന് 18 കോടി, രണ്ടാം താരത്തിന് 14 കോടി, മൂന്നാം താരത്തിന് 11 കോടി എന്നിങ്ങനെ നൽകണം. അണ്‍ക്യാപ്ഡ് താരങ്ങൾക്ക് നാലു കോടി രൂപ നൽകിയാൽ മതി. 2027 വരെയുള്ള ഐപിഎല്ലിൽ ഇംപാക്റ്റ് പ്ലേയർ നിയമം തുടരും.