ചെന്നൈ: ഐപിഎൽ 2025ൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി കളിക്കുമോയെന്ന കാര്യം ചർച്ചയാകുന്നു. വരുന്ന സീസണിൽ കളിക്കാൻ ധോണി ഇതുവരെ സമ്മതം അറിയിച്ചിട്ടില്ലെന്നാണു ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥൻ അറിയിച്ചിരിക്കുന്നത്.
“സിഎസ്കെ ടീമിൽ ധോണി കളിക്കണമെന്നു ഞങ്ങൾക്കും ആഗ്രഹമുണ്ട്. എന്നാൽ അദ്ദേഹം അത് ഇതുവരെ ഞങ്ങളോടു സ്ഥിരീകരിച്ചിട്ടില്ല. ഒക്ടോബർ 31-ന് മുന്പ് അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.’’ – കാശി വിശ്വനാഥൻ പറഞ്ഞു.
നടക്കാനിരിക്കുന്ന താരലേലത്തിനു മുന്പ് നിലനിർത്തുന്ന താരങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഒക്ടോബർ 31 വരെയാണ് ഫ്രാഞ്ചൈസികൾക്ക് സമയം അനുവദിച്ചിരിക്കുന്നത്.
ഐപിഎല്ലിൽ കുറേക്കാലമായി ഉപയോഗിക്കാതിരുന്ന ‘അണ്കാപ്ഡ്’ നിയമം അടുത്തിടെ ഐപിഎൽ ഭരണ സമിതി തിരികെ കൊണ്ടുവന്നിരുന്നു. ഇതോടെ ധോണിയെ ചെന്നൈയ്ക്കു നിലനിർത്താനാകും.
2021 മുതൽ ഈ നിയമം ഉപയോഗിക്കുന്നില്ലായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അഞ്ചു വർഷമായി കളിച്ചിട്ടില്ലാത്ത ഇന്ത്യൻ കളിക്കാരെ നിലനിർത്താൻ ഫ്രാഞ്ചൈസികളെ അനുവദിക്കുന്നതാണ് ഈ നിയമം.
വിരമിച്ച ശേഷം അഞ്ചു വർഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാത്തവരുടെ കാര്യത്തിലും ബാധകമാകുന്നതാണ് ഈ നിയമം. ഇതോടെ ചെന്നൈക്ക് നാലു കോടി രൂപയ്ക്ക് ധോണിയെ ടീമിൽ നിലനിർത്താൻ സാധിക്കും.