സിഡ്നി/മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ഈ വർഷം നടക്കുമെന്ന ശക്തമായ സൂചന നൽകി ക്രിക്കറ്റ് ഓസ്ട്രേലിയയും (സിഎ). സെപ്റ്റംബറിൽ ഇംഗ്ലണ്ടിലേക്കുള്ള പര്യടനത്തിനുശേഷം ഐപിഎലിനായി തയാറായിക്കൊള്ളാൻ ക്രിക്കറ്റ് ഓസ്ട്രേലിയ കളിക്കാരോട് പറഞ്ഞതായി റിപ്പോർട്ട്.
2020 ഐപിഎൽ നടക്കാത്ത വർഷമായിരിക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞതിനു പിന്നാലെയാണിത്. ഡിസംബറിൽ ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ പര്യടനം നടത്തുമെന്നും ഗാംഗുലി സൂചിപ്പിച്ചിരുന്നു.
സെപ്റ്റംബർ – ഒക്ടോബറിൽ ഓസ്ട്രേലിയയിൽ നടക്കേണ്ട ഐസിസി ട്വന്റി-20 ലോകകപ്പ് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുമെന്നും അതേസമയം, ഐപിഎൽ നടക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ സംബന്ധിച്ച് ഐസിസി ഇതുവരെ അന്തിമതീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
ട്വന്റി-20 ലോകകപ്പ് സംബന്ധിച്ച് ഐസിസി തീരുമാനം ഉണ്ടാകാത്ത പശ്ചാത്തലത്തിൽ ഐപിഎലിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സിഎയുടെ രംഗപ്രവേശനം.
ഓസ്ട്രേലിയൻ താരങ്ങളോട് ഇംഗ്ലണ്ട് പരന്പരയ്ക്കുശേഷം ഐപിഎലിനായി തയാറെടുക്കാൻ സിഎ നിർദേശിച്ചത് ലോകകപ്പ് മാറ്റിവയ്ക്കുമെന്നതിന്റെ സൂചനയാണ്. ഏത് വേദിയിലായാലും ഐപിഎലിനായി ഒരുങ്ങാനാണ് സിഎയുടെ നിർദേശം.
അത് അഭ്യൂഹം…
ഇന്ത്യയിൽ കൊറോണ വൈറസ് രോഗവ്യാപനം ശമിക്കാത്ത പശ്ചാത്തലത്തിൽ ഐപിഎൽ ട്വന്റി-20 വേദിക്കായി ന്യൂസിലൻഡ് രംഗത്തെത്തിയതായുള്ള വാർത്ത തള്ളി കിവീസ് ക്രിക്കറ്റ് ബോർഡ്.
ന്യൂസിലൻഡിന്റെ പറഞ്ഞുകേട്ടെങ്കിലും അതെല്ലാം അഭ്യൂഹങ്ങളാണെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് വക്താവ് പറഞ്ഞു. ശ്രീലങ്ക, യുഎഇ എന്നിവയാണ് നിലവിൽ ഐപിഎൽ വേദിക്കായി രംഗത്തുള്ളത്.