ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് വെടിക്കെട്ടിനു തുടക്കമാകാൻ ഇനി ശേഷിക്കുന്നത് വെറും മൂന്നു ദിനം മാത്രം. ഒരു സീസണിന്റെ ഇടവേളയ്ക്കുശേഷമാണ് ഐപിഎൽ ഇന്ത്യൻ മണ്ണിലെത്തുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ സീസണ് യുഎഇയിലായിരുന്നു നടത്തിയത്.
14-ാം സീസണിനും കോവിഡ് ഭീഷണി നിലനിൽക്കുന്നുണ്ട്. ചില കളിക്കാർക്ക് ഇതിനോടകം കോവിഡ് പിടിപെട്ടു. കഴിഞ്ഞ സീസണിലും സമാന അനുഭവങ്ങൾ ഉണ്ടായെങ്കിലും ടൂർണമെന്റ് വിജയമായിരുന്നു. സ്റ്റേഡിയങ്ങളിൽ കാണികളില്ലെങ്കിലും ഈ സീസണും ആരാധകരെ പ്രീതിപ്പെടുത്തുമെന്ന വിശ്വാസത്തിലാണ് ബിസിസിഐ. 2021 സീസണ് ഐപിഎൽ കിരീടത്തിനായി കച്ചമുറുക്കുന്ന ടീമുകളെക്കുറിച്ച്…
ഹാട്രിക്കിനു മുംബൈ
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വിജയകരമായ ടീം ഏതെന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രം, രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസ്. നിലവിലെ ചാന്പ്യന്മാരായ മുംബൈ ഹാട്രിക് കിരീടത്തിനായാണു കോപ്പുകൂട്ടുന്നത്. അഞ്ചു തവണ കിരീടം സ്വന്തമാക്കിയ ടീമാണു മുംബൈ.
ബാറ്റിംഗ്: പവർ പാക്ക്ഡ് ബാറ്റിംഗ് ലൈനപ്പാണു മുംബൈയുടെ കരുത്ത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരന്പരയിൽ ഇന്ത്യൻ ടീമിൽ കളിച്ച അഞ്ച് പേർ (രോഹിത് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, കൃണാൽ പാണ്ഡ്യ) മുംബൈയുടെ പ്ലേയിംഗ് ഇലവണിൽ ഉണ്ടാകുമെന്നതാണു ശ്രദ്ധേയം.
ക്വിന്റണ്‍ ഡികോക്ക്, കിറോണ്‍ പൊള്ളാർഡ് എന്നീ വിദേശികളും കൂടുന്പോൾ കരുത്ത് പൂർണം. കഴിഞ്ഞ സീസണിൽ കിരീടം സ്വന്തമാക്കാൻ മുംബൈക്ക് കരുത്തായതും ഈ പവർ പാക്ക്ഡ് ബാറ്റിംഗ് ലൈനപ്പ് ആയിരുന്നു.
ബൗളിംഗ്: ഡെത്ത് ഓവർ സ്പെഷലിസ്റ്റുകളായ ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട് എന്നിവരാണു മുംബൈയുടെ ബൗളിംഗ് നയിക്കുന്നത്. പുതുമുഖമായി സച്ചിൻ തെണ്ടുൽക്കറിന്റെ മകൻ അർജുൻ തെണ്ടുൽക്കറും ഇത്തവണ മുംബൈക്കൊപ്പമുണ്ട്. ഇടം കൈ പേസറായ അർജുന്റെ പ്രകടനം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.
മാർക്കോ ജാൻസണ്, ആദം മിൽനെ, പീയൂഷ് ചൗള, കൃണാൽ പാണ്ഡ്യ, ഹാർദിക് പാണ്ഡ്യ, ധവാൽ കുർക്കർണി, രാഹുൽ ചാഹർ തുടങ്ങിയവരും ബൗളിംഗ് നിരയ്ക്കു കരുത്തേകുന്നു.
തിരിച്ചുവരവിനു ചെന്നൈ
കഴിഞ്ഞ സീസണിൽ ആരാധകരുടെ പ്രതീക്ഷ തകിടം മറിച്ച ടീം ഏതെന്ന ചോദ്യത്തിന് ഉത്തരമാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫിൽ എത്താതിരുന്ന ആദ്യ സീസണ് ആയിരുന്നു കഴിഞ്ഞ വർഷത്തേത്. 14 മത്സരങ്ങളിൽ ആറു ജയം മാത്രം നേടിയ ചെന്നൈയുടെ നെറ്റ് റണ്‍ റേറ്റ് -0.455 ആയിരുന്നു എന്നതും ചരിത്ര സംഭവം.
ഇതിൽനിന്നെല്ലാം മുക്തമായി പ്രായത്തെ വെല്ലുന്ന പ്രകടനത്തിനാണു സിഎസ്കെ തയാറെടുക്കുന്നത്. ഡാഡീസ് ആർമി എന്ന വിശേഷണമുള്ള സിഎസ്കെയിൽ സുപ്രധാന താരങ്ങളെല്ലാം മുപ്പതിൽ അധികം പ്രായമുള്ളവരാണെന്ന കാര്യത്തിൽ ഇത്തവണയും മാറ്റമില്ലെന്നതും ശ്രദ്ധേയം.
ബാറ്റിംഗ്: കഴിഞ്ഞ സീസണിൽ പവർപ്ലേയിൽ 7.13ഉം മിഡിൽ ഓവറിൽ 7.37ഉം റണ്‍ റേറ്റ് മാത്രമായിരുന്നു ചെന്നൈക്കുണ്ടായിരുന്നത്. അതിനു മാറ്റംവരുത്താൻ ചെന്നൈ ചെയ്തത് മൊയീൻ അലി എന്ന ഇംഗ്ലീഷ് ഓൾ റൗണ്ടറെ ടീമിലെത്തിക്കുകയാണ്. അലിയുടെ ബാറ്റിംഗ് വെടിക്കെട്ടിനെ ആശ്രയിച്ചാകും സിഎസ്കെയുടെ സ്കോറിംഗ്.
യുവ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ്, സുരേഷ് റെയ്ന, അന്പാട്ടി റായുഡു, റോബിൻ ഉത്തപ്പ, എം.എസ്. ധോണി, രവീന്ദ്ര ജഡേജ, സാം കറൻ തുടങ്ങിയവരാണു ബാറ്റിംഗിലെ കരുത്തർ. ടെസ്റ്റ് സ്പെഷലിസ്റ്റ് ചേതേശ്വർ പൂജാരയെ ഇത്തവണ ലേലംകൊണ്ടതും ശ്രദ്ധേയം.
ബൗളിംഗ്: ഇമ്രാൻ താഹിർ, ഷാർദുൾ ഠാക്കൂർ, ദീപക് ചാഹർ, ഡ്വെയ്ൻ ബ്രാവോ, കൃഷ്ണപ്പ ഗൗതം, എൻഗിഡി എന്നിങ്ങനെ നീളുന്നതാണു ബൗളിംഗ് ഡിപ്പാർട്ട്മെന്റ്.
‘സഞ്ജുസ്ഥാൻ’…
രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനം മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു വി. സാംസണിൽ നിക്ഷിപ്തമാകുന്ന ആദ്യ സീസണ് ആണിത്. ഐപിഎലിൽ നായകസ്ഥാനം അലങ്കരിക്കുന്ന ആദ്യ മലയാളിയായ സഞ്ജുവിന്റെ നേതൃപാടവം ടീമിന് സഹായകമാകുമോ എന്നതിനായാണു കാത്തിരിപ്പ്.
ഷെയ്ൻ വോണ്‍, രാഹുൽ ദ്രാവിഡ്, സ്റ്റീവ് സ്മിത്ത്, ഷെയ്ൻ വാട്സണ്, അജിങ്ക്യ രഹാനെ തുടങ്ങിയ പ്രമുഖർ അലങ്കരിച്ച ക്യാപ്റ്റൻപദവിയാണ് ഇപ്പോൾ സഞ്ജുവിൽ എത്തിച്ചേർന്നിരിക്കുന്നത്.
ബാറ്റിംഗ്: ഇംഗ്ലീഷ് കരുത്തരായ ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ എന്നിവരാണു ബാറ്റിംഗിൽ രാജസ്ഥാന്റെ ശ്രദ്ധാകേന്ദ്രങ്ങൾ.
സഞ്ജു, യശ്വസി ജയ്സ്വാൾ, ഡേവിഡ് മില്ലർ, റിയാൻ പരംഗ് തുടങ്ങിയവരും ബാറ്റിംഗിന് കരുത്തു പകരുന്നു. ഓൾ റൗണ്ട് പ്രകടനം നടത്താൻ പ്രാപ്തരായ ശിവം ദുബെ, രാഹുൽ തെവാട്യ എന്നിവരുടെ സാന്നിധ്യവും ടീമിനു മുതൽക്കൂട്ടാണ്. കഴിഞ്ഞ സീസണിൽ സഞ്ജുവിന്റെ വെടിക്കെട്ട് ശ്രദ്ധിക്കപ്പെട്ടെങ്കിലും സ്ഥിരത കൈവരിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല.
ബൗളിംഗ്: ഐപിഎൽ ലേല ചരിത്രത്തിലെ റിക്കാർഡ് തുകയായ 16.25 കോടി രൂപയ്ക്ക് ടീമിലെത്തിയ ക്രിസ് മോറിസിന്റെ പ്രകടനത്തിനായാണ് ഏവരും കാത്തിരിക്കുന്നത്.
മുടക്കിയ മുതലിനുള്ള പ്രകടനം മോറിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിലാകും. ജോഫ്ര ആർച്ചർ, ഉനദ്കട്, മുഷ്ഫിക്കർ റഹ്മാൻ എന്നിവരുടെ പേസ് ആക്രമണവും കുൽദീപ് യാദവ്, മായങ്ക് മാർക്കണ്ഡെ, തുടങ്ങിയവരുടെ സ്പിൻമികവും ടീമിനെ സന്തുലിതമാക്കുന്നു.
കോഹ്ലിക്കാകുമോ…
ആർസിബിയെ (റോയൽ ചലഞ്ചേഴ്സ് ബംഗളൂരു) കന്നി ഐപിഎൽ കിരീടത്തിലെത്തിക്കാൻ വിരാട് കോഹ്ലിക്കു സാധിക്കുമോ എന്നതാണ് ഇത്തവണത്തെയും പ്രധാന ചോദ്യം.
കോഹ്ലിയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഏറ്റവും അധികം താരങ്ങളെ റിലീസ് ചെയ്തത് ആർസിബി ആയിരുന്നു. ഇത്തവണയും മികച്ച ടീമുമായാണ് ആർസിബി എത്തുന്നത്. ഇംഗ്ലീഷ് താരങ്ങൾ ഇല്ലാത്ത ടീമാണ് ആർസിബിയുടേത് എന്നതും ശ്രദ്ധേയം.
ബാറ്റിംഗ്: ദേവ്ദത്ത് പടിക്കൽ എന്ന മലയാളി ഓപ്പണറുടെ അരങ്ങേറ്റം കഴിഞ്ഞ സീസണിൽ ശ്രദ്ധിക്കപ്പെട്ടു. കോവിഡ് ബാധിച്ച പടിക്കൽ ആദ്യ മത്സരങ്ങളിൽ ആർസിബിക്ക് ഒപ്പമുണ്ടാകില്ല. കോഹ്ലിയും എബി ഡിവില്യേഴ്സുമാണു ടീമിലെ ബാറ്റിംഗ് ശ്രദ്ധാകേന്ദ്രങ്ങൾ.
മലയാളിയായ സച്ചിൻ ബേബിയും ടീമിലുണ്ട്. ഓസീസ് ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെലിന്റെ വരവ് ടീമിന് ഉണർവേകുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ സീസണിൽ കിംഗ്സ് ഇലവണ്‍ പഞ്ചാബിലായിരുന്ന മാക്സ്വെൽ തികഞ്ഞ പരാജയമായിരുന്നു. എന്നാൽ, ഇന്ത്യയുടെ ഓസീസ് പര്യടനത്തിൽ മിന്നും ഫോം കാഴ്ചവച്ചു.
ബൗളിംഗ്: കെയ്ൻ റിച്ചാർഡ്സണ്, കെയ്ൽ ജമെയ്സണ് എന്നീ വിദേശ പേസർമാരാണ് ടീമിന്റെ കരുത്ത്. മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി എന്നീ ഇന്ത്യൻ പേസ് കൂട്ടുകെട്ടിന്റെ ആക്രമണം കഴിഞ്ഞ സീസണിൽ ശ്രദ്ധിക്കപ്പെട്ടു. യുസ്വേന്ദ്ര ചാഹൽ – ആദം സാംപ സ്പിൻ ജോഡിയും ആർസിബിയുടെ കരുത്താണ്.