കോൽക്കത്ത: ഡൽഹി ഡെയർ ഡെവിൾസിനെതിരേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു മിന്നും ജയം സമ്മാനിച്ചത് ആന്ദ്രേ റസലിന്റെയും നിതീഷ് റാണയുടെയും വെടിക്കെട്ട് ബാറ്റിംഗ്. 35 പന്തിൽ അഞ്ച് ഫോറും നാല് സിക്സും അടക്കം 59 റണ്‍സ് എടുത്ത റാണയാണ് കളിയിലെ താരമായത്.
ആന്ദ്രേ റസൽ 12 പന്തിൽ ആറ് സിക്സിന്റെ അകന്പടിയോടെ അടിച്ചെടുത്തത് 41 റണ്‍സ്. ഈ സീസണിലെ ഏറ്റവും ഉയർന്ന റണ്‍ വ്യത്യാസത്തിലാണ് തങ്ങളുടെ പഴയ ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീറിന്റെ സംഘത്തെ കോൽക്കത്ത കീഴടക്കിയത്. 71 റണ്‍സിനായിരുന്നു നൈറ്റ് റൈഡേഴ്സിന്റെ ജയം.
ഈ സീസണിലെ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റാണ് റസൽ 12 പന്തിൽ 41 റണ്‍സ് അടിച്ചെടുത്തപ്പോൾ പിറന്നത്. ചുരുങ്ങിയത് പത്തു പന്ത് നേരിട്ടതിൽവച്ച് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആറാമത്തെ സ്ട്രൈക്ക് റേറ്റുമാണ് റസലിന്റെ 341.67. 2015ൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിനായി മുംബൈ ഇന്ത്യൻസിനെതിരേ എബി ഡിവില്യേഴ്സ് 11 പന്തിൽ 41 റണ്‍സ് അടിച്ചെടുത്തപ്പോഴത്തെ 372.72 ആണ് ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ്. 2015ൽ ക്രിസ് ഗെയ്ൽ (350.00), 2016ൽ സർഫ്രാസ് ഖാൻ (350.00), 2014ൽ സുരേഷ് റെയ്ന (348.00) എന്നിവരാണ് റസലിനു മുന്നിലുള്ളവർ.
2018 ഐപിഎൽ സീസണിലെ ആദ്യ മെയ്ഡൻ ഡെയർ ഡെവിൾസിന്റെ ന്യൂസിലൻഡ് ബൗളർ ട്രെന്റ് ബോൾട്ട് എറിഞ്ഞു. കോൽക്കത്തയുടെ ക്രിസ് ലിൻ ആയിരുന്നു ബോൾട്ടിന്റെ ആദ്യ ഓവറിൽ ക്രീസിൽ.
കോൽക്കത്തയുടെ സുനിൽ നരേൻ ഏതെങ്കിലും ഒരു ടീമിനായി മാത്രം കളിച്ച് ഐപിഎലിൽ 100 വിക്കറ്റ് വീഴ്ത്തിയവരുടെ ക്ലബ്ബിൽ അംഗമായി. മുംബൈ ഇന്ത്യൻസിന്റെ മുൻ താരങ്ങളായ ലസിത് മലിംഗ (154 വിക്കറ്റുകൾ), ഹർഭജൻ സിംഗ് (127 റണ്‍സ്) എന്നിവരാണ് ഈ നേട്ടം നേരത്തേ സ്വന്തമാക്കിയത്.
ആന്ദ്രേ റസൽ മുഹമ്മദ് ഷാമിക്കെതിരേ രണ്ട് ഓവറുകളിലായി അടിച്ചത് ആറ് സിക്സ്. ഒരു മത്സരത്തിൽ ഏതെങ്കിലും ഒരു ബൗളർക്കെതിരേ ഏറ്റവുമധികം സിക്സ് അടിക്കുന്നതിൽ മൂന്നാമത്തേതാണിത്. ഈ സീസണിൽ റസൽ ഈ നേട്ടം കൈവരിക്കുന്നത് രണ്ടാം തവണയാണ്. നേരത്തേ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഡ്വെയ്ൻ ബ്രാവോയ്ക്കെതിരേ റസൽ ആറ് സിക്സർ നേടിയിരുന്നു. 2015ൽ വിരാട് കോഹ്ലി പഞ്ചാബിന്റെ കെ.സി. ചരിയപ്പനെതിരേ ആറ് സിക്സ് നേടിയിട്ടുണ്ട്.
ഡെയർ ഡെവിൾസിനെതിരേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഏറ്റവും ഉയർന്ന സ്കോർ. സ്വന്തം തട്ടകമായ ഈഡൻ ഗാർഡൻസിൽ റൈഡേഴ്സിന്റെ ഉയർന്ന സ്കോറും ഡൽഹിക്കെതിരായ ഒന്‍പത് വിക്കറ്റിന് 200 റണ്‍സ് ആണ്.