മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) വാതുവയ്പ് കേസ് വഴിത്തിരിവിൽ. ബോളിവുഡ് നിർമാതാവും നടനുമായ അർബാസ്ഖാൻ വാതുവയ്പ് നടത്തിയിരുന്നെന്നു സമ്മതിച്ചു. ആറുവർഷമായി വാതുവയ്ക്കുന്നു. മൂന്നു കോടിയോളം രൂപ നഷ്ടമായെന്നും സൂപ്പർ താരം സൽമാൻ ഖാന്റെ സഹോദരനായ അർബാസ് പോലീസിനോടു പറഞ്ഞു.
കെ.സേറ സേറ എന്ന ചലച്ചിത്ര നിർമാണ കന്പനിയുടെ മുൻ മേധാവി പരാഗ് സിംഘ്വിയെയും താനെ പോലീസ് തെളിവെടുപ്പിന്റെ ഭാഗമായി വിളിച്ചിട്ടുണ്ട്. ഇപ്പോൾ അലംബ്ര എന്റർടെയ്ൻമെന്റ് ആൻഡ് ലോട്ടസ് ഫിലിം കന്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് സിംഘ്വി. രാംഗോപാൽ വർമയുടെ ബിഗ് ബജറ്റ് ചിത്രങ്ങൾക്കു പണം നൽകുന്നയാളാണു സിനിമ ഡിസ്ട്രിബ്യൂട്ടർ കൂടിയായ സിം ഘ്വി.
ഇതിനിടെ, ദാവൂദ് ഇബ്രാഹിമിന് ഐപിഎൽ വാതുവയ്പുമായി ബന്ധമുണ്ടെന്ന തെളിവു ലഭിച്ചതായി പോലീസിലെ ചിലർ വെളിപ്പെടുത്തി. എന്നാൽ, ദാവൂദിനു ബന്ധമില്ലെന്ന് സഹായി ഛോട്ടാ ഷക്കീൽ ചില മാധ്യമങ്ങളെ അറിയിച്ചു.താനെ പോലീസ് ഇന്നലെ രാവിലെ 11 മുതൽ അഞ്ചര മണിക്കൂറാണ് അർബസിനെ ചോദ്യം ചെയ്തത്.
സോനു ജലാൻ
മേയ് 29നു വാതുവയ്പ് നടത്തിപ്പുകാരൻ സോനു ജലാൻ (സോനു മലാഡ്) അറസ്റ്റിലായതോടെയാണ് കേസിൽ നാടകീയ വെളിപ്പെടുത്തലുകൾ ഉണ്ടായത്. അർബാസ് സോനുവിനു 2.80 കോടി രൂപ നൽകാനുണ്ട്. ഇതേച്ചൊല്ലി സോനു അർബാസിനെ ഭീഷണിപ്പെടുത്തിയിരുന്നു.
പത്താംക്ലാസ് തോറ്റ, 41 വയസുള്ള സോനുവിനു രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സ്വത്തുണ്ട്. ഏറ്റവും മുന്തിയ കാറുകളിലാണു കന്പം. എസ്. ശ്രീശാന്ത് അറസ്റ്റ് ചെയ്യപ്പെട്ട 2013-ലെ ഐപിഎൽ വാതുവയ്പിന്റെ സൂത്രധാരൻ സോനുവാണത്രേ. ആയിരം കോടി രൂപയുടെ വാർഷിക ടേണോവർ ഇയാളുടെ വാതുവയ്പ് ശൃംഖലയ്ക്ക് ഉണ്ടത്രെ.
പിടിയിലായ വഴി
മേയ് 16ന് താനെ ക്രൈംബ്രാഞ്ച് ഡോംബിവിലിയിലെ വാതുവയ്പ് സിരാകേന്ദ്രം റെയ്ഡ് ചെയ്തു മൂന്നുപേരെ പിടികൂടി. മുംബൈ ഇന്ത്യൻസും കിംഗ്സ് ഇലവനും തമ്മിലുള്ള മത്സരത്തിൽ വാതുവയ്പുകാരിൽനിന്നു തുക വാങ്ങുന്പോഴായിരുന്നു അറസ്റ്റ്. പിറ്റേന്ന് നാലാമനെ പിടികൂടി. ഓൺലൈൻ വാതുവയ്പിനുള്ള സോഫ്റ്റ്വേർ നൽകിയ വ്രജേഷ് ജോഷി 28നു പിടിയിലായി. പിറ്റേന്നു സോനു ഇലനും. ഇയാൾ മുന്പ് അഞ്ചുതവണ വിവിധ കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്. അർബാസും ജലാനും പല സദസുകളിലും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇനി എന്ത്
കൂടുതൽ ബോളിവുഡ് താരങ്ങളും നിർമാതാക്കളും കുടുങ്ങുമെന്നാണ് സംസാരം. അർബാസ് മാപ്പുസാക്ഷിയാകാൻ സാധ്യതയുണ്ടെന്നും പറയുന്നു. വന്പൻമാരിലേക്കു കേസ് നീളുമെന്നു മുംബൈ ക്രൈംബ്രാഞ്ച് അവകാശപ്പെടുന്നു.