ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം റൈസിംഗ് പൂന സൂപ്പര്ജയ്ന്റ്സിനു തിരിച്ചടി. ടീമിന്റെ പ്രധാന സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനേറ്റ പരിക്കാണ് സൂപ്പര്‍ ജയ്ന്റ്സിനു കനത്ത ആഘാതമായത്. സ്പോര്‍ട്സ് ഹെര്‍ണിയ സ്ഥിരീകരിച്ചതിനെത്തുര്ന്ന് അശ്വിന് രണ്ടു മാസത്തോളം പുറത്തിരിക്കേണ്ടിവരും. ഇതോടെ ഇന്ത്യന്‍ സ്പിന്നര്‍ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം സീസണില്‍ കളിക്കാനാവില്ലെന്ന് ഉറപ്പായി.
സൂപ്പര്‍ജയന്റ്സ് ടീമിൽനിന്നു പരിക്കേറ്റു പുറത്താകുന്ന രണ്ടാമത്തെ കളിക്കാരനാണ് അശ്വിന്. ഇതിനു മുമ്പ് തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് മിച്ചല്‍ മാര്‍ഷിനെ നഷ്ടമായിരുന്നു.കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പൂനയ്ക്കുവേണ്ടി അശ്വിന് 14 കളിയില്‍ 10 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. 2016 ജൂലൈയ്ക്കുശേഷം തുടര്‍ച്ചയായി ക്രിക്കറ്റ് കളിക്കുന്ന അശ്വിന് ഉടന്‍ തന്നെ ചികിത്സയില്‍ പ്രവേശിക്കും.
ജൂണില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുമുമ്പ് അശ്വിന് പൂര്‍ണ ആരോഗ്യവാനായെത്തുകയെന്നത് ഇന്ത്യക്കു വളരെ പ്രധാനപ്പെട്ടതാണ്. ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കുശേഷം അശ്വിനു പരിക്കേറ്റിരുന്നു. ഇതേത്തുര്‍ന്ന് രഞ്ജി ട്രോഫി സെമിയില്‍ തമിഴ്നാടിനുവേണ്ടി കര്ണാടകയ്ക്കതിരേ കളിക്കാനായിരുന്നില്ല.
ഇന്ത്യയില്‍ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്ട്രേലിയ ടീമുകള്‍ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരകളില്‍ അശ്വിന് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. 13 ടെസ്റ്റില്‍ 738.2 ഓവര്‍ പന്തെറിഞ്ഞ ഓഫ് സ്പിന്നര്‍ 82 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.