ഒട്ടുമിക്ക സീസണിലും ഐപിഎലിലെ ഏറ്റവും കരുത്തുറ്റ ടീമായിരിക്കും ബംഗളൂരു റോയൽ ചലഞ്ചേഴ്സ്. മറ്റു ടീമുകളെ അപേക്ഷിച്ചു നോക്കിയാൽ ബാറ്റിംഗ് കരുത്തിൽ ഇത്തവണയും ശരിക്കും റോയൽ നിരയുമായാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം പോരാട്ടത്തിനിറങ്ങുന്നത്.
എന്നാൽ, നിർഭാഗ്യങ്ങൾ നിരന്തരം വേട്ടയാടുന്ന ടീമിനു ഒരുവട്ടം പോലും ഐപിഎൽ കിരീടമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സാധിച്ചിട്ടില്ല. 2009ൽ ഡെക്കാൻ ചാർജേഴ്സും 2011ൽ ചെന്നെ സൂപ്പർ കിംഗ്സും കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈരാബാദും ബംഗളൂരുവിന്റെ കിരീടമോഹങ്ങൾ തകർത്തു. ഏറെ പ്രതീക്ഷകളോടെ തയാറെടുപ്പുകൾ നടത്തിയ ടീമിനെ ഇത്തവണ നിർഭാഗ്യം പിടികൂടിയത് പരിക്കിന്റെ രൂപത്തിലാണ്.
പരിക്കു മൂലം നായകൻ വിരാട് കോഹ്ലിക്കു ആദ്യ മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വരുമെന്നുള്ളത് ബംഗളൂരുവിനു ഏറെ തലവേദനയാകുമെന്നുറപ്പാണ്. ഓസീസിനെതിരേയുള്ള ടെസ്റ്റ് പരന്പര കഴിഞ്ഞതോടെ ഓപ്പണർ കെ.എൽ രാഹുലും പരിക്കു മൂലം ടീമിനു പുറത്തായി. ശസ്ത്രക്രിയ്ക്കു വിധേയനാകേണ്ടി വരുന്ന രാഹുലിനു ഐപിഎലിലെ എല്ലാ മത്സരങ്ങളും നഷ്ടമാകും. രാഹുലിനു പകരം തമിഴ്നാടിന്റെ എൻ. ജഗദീഷ് എത്താൻ സാധ്യതയുണ്ട്.
കരുത്തുറ്റ ബാറ്റിംഗ് നിര
ഇത്തവണയും ബാറ്റിംഗ് നിരയുടെ തോളിലേറിയാണ് ബംഗളൂരു കുതിപ്പു നടത്തുകയെന്നുറപ്പാണ്. ക്രിസ് ഗെയിൽ, എ.ബി. ഡിവില്യേഴ്സ്, വിരാട് കോഹ്ലി, ഷെയ്ൻ വാട്സൺ എന്നിവരടങ്ങിയ ബാറ്റിംഗ് നിര, എതിർ ടീം എത്രയധികം സ്കോർ ചെയ്താലും മറികടക്കാൻ പോരുന്നവരാണ്. പരിക്കു മാറിയെത്തിയ എ.ബി.ഡി ഫോമിലാണെന്നത് ചലഞ്ചേഴ്സിന് ആത്മവിശ്വാസം പകരുന്ന ഘടകമാണ്. ഗെയിലിന്റെ കരീബിയൻ താളവും കോഹ്ലിയുടെ ക്ലാസും വാട്സന്റെ ഓൾറൗണ്ട് മികവും കൂടെ ചേരുന്പോൾ ബംഗളൂരു ബാറ്റിംഗ് നിരയിൽ വിള്ളലുകളുണ്ടാക്കാൻ എതിർ ടീമുകൾ ഏറെ വെള്ളം കുടിക്കേണ്ടി വരുമെന്നുറപ്പ്.
പാളിച്ച ബൗളിംഗിൽ
ബാറ്റിംഗ് നിര എത്ര കരുത്തുറ്റതാണെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളെടുക്കുന്നതാണ് ട്വന്റി 20യിലെ വിജയങ്ങൾക്കാധാരം. ബംഗളൂരുവിന്റെ ബൗളിംഗ് നിരയുടെ പരാജയം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇത്തവണയും ഏറെ മാറ്റങ്ങളൊന്നും കൊണ്ടുവരാൻ ലേലത്തിനു ശേഷവും ടീം മാനേജ്മെന്റിനായിട്ടില്ല. മിച്ചൽ സ്റ്റാർക്ക് പിന്മാറിയതിനാൽ ഇംഗ്ലണ്ടിന്റെ ട്വന്റി 20 സ്പെഷ്യലിസ്റ്റ് ടെെമൽ മിൽസിനെ വൻ തുക മുടക്കി ടീമിലെത്തിച്ചെങ്കിലും ആകെത്തുകയിൽ ബംഗളൂരു ബൗളിംഗ് ശരാശരിയിൽ ഒതുങ്ങുന്നു.
ശ്രദ്ധിക്കേണ്ട താരങ്ങൾ
ക്രിസ് ഗെയിൽ- ട്വന്റി 20യിൽ ഗെയിലിനോളം പോന്നൊരു താരത്തെ മറ്റൊരു ടീമിനും ഉയർത്തിക്കാട്ടാനാകില്ല. ക്രീസിൽ ഉറഞ്ഞുതുള്ളുന്ന ഗെയിൽ ഫോമിലായാൽ കളി ജയിക്കുമെന്ന കാര്യമുറപ്പ്. ഐപിഎലിൽ 92 മത്സരങ്ങളിൽനിന്ന് 3426 റൺസ് സ്വന്തമാക്കിയിട്ടുള്ള ഗെയിൽ ട്വന്റി 20യിൽ ഏറ്റവുമധികം സിക്സർ നേടിയിട്ടുള്ള താരമാണ്.
വിരാട് കോഹ്ലി- പരിക്കു മൂലം ആദ്യ മത്സരങ്ങൾ കളിക്കാനാവില്ലെങ്കിലും ബംഗളൂരുവിന്റെ നട്ടെല്ല് വിരാട് കോഹ്ലിയാണ്. ഐപിഎലിലെ ടോപ് റൺ സ്കോററായ കോഹ്ലിയുടെ ചിറകിലേറിയാണ് കഴിഞ്ഞ സീസണിൽ ടീം ഫെെനൽവരെ കുതിച്ചെത്തിയത്.
എ.ബി. ഡിവില്യേഴ്സ് – സിനിമ ശൈലിയിൽ പറഞ്ഞാൽ ക്ലാസും മാസും ഒത്തുചേർന്ന ബാറ്റിംഗ് കരുത്താണ് ദക്ഷിണാഫ്രിക്കൻ നായകൻ എ.ബി. ഡിവില്യേഴ്സിനെ വ്യത്യസ്തനാക്കുന്നത്. കോപ്പിബുക്ക് ഷോട്ടുകൾ പകരം ബൗണ്ടറികൾ ഏറെ ആവശ്യമുള്ള ട്വന്റി 20യിൽ 360 ഡിഗ്രിയിൽ ശരീരം വളച്ചും ഷോട്ടുകൾ പായിക്കുന്നതാണ് എ.ബി.ഡി സ്റ്റെെൽ. ഐപിഎലിൽ 120 മത്സരങ്ങൾ പൂർത്തിയാക്കിയ ഡിവില്യേഴ്സ് 3257 റൺസ് സ്വന്തമാക്കിയിട്ടുണ്ട്.
ഇവർക്കൊപ്പം ഓസീസ് ഓൾറൗണ്ടർ ഷെയ്ൻ വാട്സൺ, ഇന്ത്യയുടെ പുതിയ കണ്ടെത്തൽ കേദാർ ജാദവ്, ടെെമൽ മിൽസ്, യുഷ്വേന്ദ്ര ചഹൽ തുടങ്ങിയ താരങ്ങളും ബംഗളൂരുവിന്റെ പോരാട്ടത്തിനു കരുത്തേകും.
ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ടീം ക്രിസ് ഗെയിൽ, എ.ബി. ഡിവില്യേഴ്സ്, വിരാട് കോഹ്ലി, ഷെയ്ൻ വാട്സൺ, പവൻ നേഗി, ടൈമൽ മിൽസ്, അങ്കിത് ചൗധരി, പ്രവീൺ ദുബെെ, ബില്ലി സ്റ്റാൻലേക്, ഹർഷേൽ പട്ടേൽ, യുഷ്വേന്ദ്ര ചഹൽ, മൻദീപ് സിംഗ്, ആദം മിലിൻ, സർഫ്രാസ് ഖാൻ, എസ്. അരവിന്ദ്, സ്റ്റുവർട്ട് ബിന്നി, കേദാർ ജാദവ്, ഇഖ്ബാൽ അബ്ദുള്ള, സാമുവൻ ബദരി, സച്ചിൻ ബേബി, ട്രാവിസ് ഹെഡ്, തബരീസ് ശമ്സി, ആവേഷ് ഖാൻ, എൻ. ജഗദീഷൻ
ബി.കെ.