മുംബൈ: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ഏപ്രിൽ 15വരെ ആരംഭിക്കില്ലെന്ന് ബിസിസിഐ ഇന്നലെ അറിയിച്ചു. മാർച്ച് 29നായിരുന്നു ഐപിഎൽ ഉദ്ഘാടന മത്സരം നടക്കേണ്ടിയിരുന്നത്.
പൊതുജനങ്ങളുടെ ആരോഗ്യം ബിസിസിഐ പരിഗണിക്കുന്നതായും കേന്ദ്ര കായിക മന്ത്രാലയവും വിവിധ സംസ്ഥാന സർക്കാരുകളുമായും ചർച്ച ചെയ്താണ് തീരുമാനം കൈക്കൊണ്ടതെന്നും ബിസിസിഐ വ്യക്തമാക്കി.
നേരത്തേ ഐപിഎൽ മാറ്റിവയ്ക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. എന്നാൽ, കൊറോണ ഭീഷണി ശക്തമായതോടെ കാണികളെ പ്രവേശിപ്പിക്കാതെ അടച്ച സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടത്താൻ ബിസിസിഐ പദ്ധതിയിട്ടു.
എന്നാൽ, ഫ്രാഞ്ചൈസികൾ അതിനെ അനുകൂലിച്ചില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, കാണികളില്ലാതെ കളി നടത്തിയാൽപോലും വിദേശ താരങ്ങളില്ലാതെ മത്സരങ്ങൾക്ക് തയാറല്ലെന്ന് ഉടമകൾ നിലപാടെടുത്തതായും സൂചനയുണ്ട്. ഐപിഎൽ ഉപേക്ഷിച്ചാൽ 10,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ഏപ്രിൽ 15 വരെ വിദേശികൾക്കുള്ള വീസകൾ കേന്ദ്ര സർക്കാർ റദ്ദാക്കിയതോടെയാണ് ഐപിഎൽ മാറ്റിവയ്ക്കാൻ ബിസിസിഐ നിർബന്ധിതമായത്. കൊറോണ പടരുന്ന പശ്ചാത്തലത്തിൽ ഐപിഎൽ ഡൽഹിയിൽ നടക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ വ്യക്തമാക്കി. നേരത്തേ കർണാടക, മഹാരാഷ്ട്ര സർക്കാരുകളും ഐപിഎൽ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.