ഐപിഎൽ ട്വന്റി-20യിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരേ തുടർച്ചയായി നോബോൾ എറിഞ്ഞ മീഡിയം പേസർ ദീപക് ചാഹറിനെ അന്ന് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ എം.എസ്. ധോണി കണക്കിനു ശകരിച്ചിരുന്നു.
ധോണി നല്കിയ ശകാരമരുന്ന് ഫലം കണ്ടതായി കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം തെളിയിച്ചു. ഐപിഎലിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ ഡോട്ട് ബോൾ എറിയുന്ന ബൗളറെന്ന റിക്കാർഡ് ചാഹർ സ്വന്തമാക്കി.
കോൽക്കത്തയ്ക്കെതിരേ നാല് ഓവറിൽ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ചാഹർ 20 ഡോട്ട് ബോളുകളാണ് എറിഞ്ഞത്. ആകെ നാല് പന്തിൽ മാത്രമാണ് കോൽക്കത്ത ബാറ്റ്സ്മാൻമാർ റണ്‍സ് കണ്ടെത്തിയത്. ആശിഷ് നെഹ്റയുടേയും മുനാഫ് പട്ടേലിന്റേയും പേരിലായിരുന്നു ഈ റിക്കാർഡ്. നാല് ഓവറിൽ 19 ഡോട്ട് ബോളുകളാണ് മുനാഫും നെഹ്റയും എറിഞ്ഞത്.