ചെന്നൈ: രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഐപിഎൽ ട്വന്റി20 ക്രിക്കറ്റിൽ എം.എസ്. ധോണി ചെന്നൈ സൂപ്പർ കിംഗ്സിനെ വീണ്ടും നയിക്കും. ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരേ നടക്കുന്ന ഹോം മത്സരത്തിൽ ചെന്നൈ ഇറങ്ങുന്നത് ധോണിയുടെ കീഴിലാണ്.
ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് പരിക്കിനെ തുടർന്ന് കളിക്കാത്തതിനാലാണ് ധോണി വീണ്ടും നായകനാകുന്നത്. ചെന്നൈ ബാറ്റിംഗ് കോച്ച് മൈക്ക് ഹസിയാണ് തീരുമാനം അറിയിച്ചത്. ഗെയ്ക്വാദ് പരിക്കിൽനിന്ന് മുക്തനാകുന്നതിനുവേണ്ടി കാത്തിരിക്കുകയാണെന്നും ഇന്നത്തെ മത്സരത്തിൽ താരത്തിന്റെ സാന്നിധ്യം ഉറപ്പില്ലെന്നും ഹസി പറഞ്ഞു. ഞായറാഴ്ച രാജസ്ഥാനെതിരായ മത്സരത്തിലാണ് നായകന് പരിക്കേറ്റത്.
ഐപിഎൽ 2023 സീസണ് അഹമ്മദാബാദിൽ നടന്ന ഫൈനലിലാണ് ധോണി അവസാനമായി ചെന്നൈയെ നയിച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ത്രില്ലർ പോരാട്ടത്തിൽ അവസാന രണ്ടു പന്തിൽ ഫോറും സിക്സും പറത്തി രവീന്ദ്ര ജഡേജ ടീമിന് ജയം സമ്മാനിച്ചപ്പോൾ ചെന്നൈ അഞ്ചാം കിരീടം സ്വന്തമാക്കി. 2022 സീസണിൽ ജഡേജയ്ക്ക് ക്യാപ്റ്റൻസി നൽകിയെങ്കിലും മോശം തുടക്കത്തെ തുടർന്ന് ധോണിതന്നെ ടീമിനെ നയിക്കുകയായിരുന്നു. തുടർന്നാണ് ഋതുരാജ് ഗെയ്ക്വാദിനെ ചെന്നൈ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.