ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സ് പുതിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന്റെ കീഴിൽ ആദ്യരണ്ട് മത്സരങ്ങളിലും ജയം സ്വന്തമാക്കി. സീസണ് ഉദ്ഘാടനത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ കീഴടക്കിയ സിഎസ്കെ, രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 63 റണ്സിനു കീഴടക്കി.
ഐപിഎല്ലിൽ ക്യാപ്റ്റനായി ഋതുരാജിന് നൂറുമേനി ജയം. എന്നാൽ, കളത്തിൽ ഋതുരാജ് ഏകപക്ഷീയമായി ക്യാപ്റ്റന്റെ അധികാരം ഉപയോഗിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ഓരോ കാര്യങ്ങളിലും എം.എസ്. ധോണിയുടെ നിർദേശം ഋതുരാജ് തേടുന്നത് കാണാം. എന്നാൽ, എല്ലാ തീരുമാനങ്ങൾക്കും ധോണിയുടെ അനുമതി ഋതുരാജ് തേടാറില്ല എന്നതും ശ്രദ്ധേയം.
ക്യാപ്റ്റൻ എന്ന നിലയിൽ ആദ്യരണ്ട് മത്സരങ്ങളിലും ഋതുരാജ് മികവ് പുലർത്തി എന്നു വിലയിരുത്താം. കാരണം, എം.എസ്. ധോണിയുടെ അഭിപ്രായങ്ങൾ മാനിക്കുന്നതിനൊപ്പം സ്വന്തമായി ഫീൽഡിംഗ് നിയന്ത്രണം, ബാറ്റിംഗ് ഓർഡർ ഉൾപ്പെടെ നിശ്ചയിക്കാനുള്ള ദീർഘവീക്ഷണവും ഋതുരാജ് ഇതിനോടകം വെളിപ്പെടുത്തി.
ടാക്റ്റിക്കൽ മാസ്റ്റർസ്ട്രോക്ക്
ആർസിബിക്ക് എതിരേ ആറ് വിക്കറ്റ് ജയം നേടിയപ്പോൾ കൃത്യമായ ഫീൽഡിംഗ് നിയന്ത്രണവും ബൗളിംഗ് മാറ്റവുംകൊണ്ട് ഋതുരാജിന്റെ ക്യാപ്റ്റൻസി ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ, ഗുജറാത്ത് ടൈറ്റൻസിനെതിരായ രണ്ടാം മത്സരത്തിലാണ് ഋതുരാജ് എന്ന ക്യാപ്റ്റന്റെ ടാക്റ്റിക്കൽ മാസ്റ്റർസ്ട്രോക്ക് കണ്ടത്.
മത്സരത്തിന്റെ 19-ാം ഓവറിൽ ശിവം ദുബെ (51) പുറത്തായപ്പോൾ ആറാം നന്പറായി ക്രീസിൽ എത്തേണ്ടിയിരുന്നത് രവീന്ദ്ര ജഡേജയായിരുന്നു. ക്രീസിലേക്ക് എത്താനായി പാഡണിഞ്ഞ് ബാറ്റുമായി ജഡേജ തയാറായിരുന്നു എന്നതും ശ്രദ്ധേയം.
എന്നാൽ, ഇരുപതുകാരനായ സമീർ റിസ്വിയെ ക്രീസിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു ഋതുരാജ് ചെയ്തത്. 8.40 കോടി രൂപ മുടങ്ങി 2024 ലേലത്തിൽ ചെന്നൈ സ്വന്തമാക്കിയതായിരുന്നു ഈ ഉത്തർപ്രദേശുകാരനെ. റിസ്വിയുടെ കന്നി ഐപിഎൽ ഇന്നിംഗ്സ്.
അഫ്ഗാനിസ്ഥാൻ സ്പിന്നറായ റഷീദ് ഖാനായിരുന്നു ഗുജറാത്തിന്റെ 19-ാം ഓവർ എറിഞ്ഞിരുന്നത്. റഷീദ് ഖാനെതിരേ ഇടംകൈയൻ ജഡേജയ്ക്കു പകരം വലംകൈയനായ റിസ്വിയെ ഇറക്കിയത് മികച്ച നീക്കമായി ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തി. ആറ് പന്തിൽ രണ്ട് സിക്സ് ഉൾപ്പെടെ 14 റണ്സ് റിസ്വി നേടി. ‘റൈറ്റ് ഹാൻഡഡ് സുരേഷ് റെയ്ന’ എന്നാണ് റിസ്വി വിശേഷിപ്പിക്കപ്പെടുന്നത്.
ക്യാപ്റ്റനെക്കുറിച്ച് ദീപക് ചാഹർ
ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റനെക്കുറിച്ച് പേസ് ബൗളർ ദീപക് ചാഹർ പറഞ്ഞത് ശ്രദ്ധേയം. ’ ഫീൽഡിംഗ് പ്ലേസ്മെന്റിനും ബൗളിംഗ് ചെയ്ഞ്ചിനും നിർദേശത്തിനുമായി മഹി ഭായിയെയും (എം.എസ്. ധോണി) ഋതുരാജിനെയും നോക്കേണ്ടിവരാറുണ്ട്. എങ്ങോട്ടാണ് നോക്കേണ്ടതെന്ന ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഋതുരാജ് മികച്ച രീതിയിലാണ് ടീമിനെ മുന്നിൽനിന്ന് നയിക്കുന്നത് ’ ഗുജറാത്ത് ടൈറ്റൻസിന് എതിരായ മത്സരശേഷം ദീപക് ചാഹർ പറഞ്ഞു.
ഋതുരാജ് ആണ് ക്യാപ്റ്റനെങ്കിലും ധോണിയുടെ നിർദേശവും ടീമംഗങ്ങളും തേടുന്നു എന്നതിന്റെ തുറന്നുപറച്ചിലായി ഇതിനെ കാണാം. ഐപിഎൽ 2024 സീസണിലെ ഉദ്ഘാടന മത്സരത്തിനു ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയായിരുന്നു ധോണിക്ക് പകരം ഋതുരാജ് ടീമിന്റെ ക്യാപ്റ്റനാകുന്ന വിവരം ഫ്രാഞ്ചൈസി പ്രഖ്യാപിച്ചത്.
ധോണിയുടെ അഭിപ്രായങ്ങൾ തേടിയും മാനിച്ചുമാണ് ഋതുരാജ് സിഎസ്കെയെ മുന്നോട്ടു നയിക്കുന്നത്. ചുരുക്കത്തിൽ ഇന്ത്യൻ മുൻതാരം മുഹമ്മദ് കൈഫ് നിരീക്ഷിച്ചതുപോലെ ഋതുരാജിന് ഇത് ഇതിഹാസ നായകന്റെ ആശീർവാദത്തിൽ ‘ക്യാപ്റ്റൻസി ഇന്റണ്ഷിപ്’ കാലഘട്ടമാണ്…