ഹൈദരാബാദ്: നായകന് കെയ്ന്‍ വില്യംസണിന്റെ പോരാട്ടവീര്യത്തിനും സണ്‍റൈസേഴ്സിനെ വിജയിപ്പിക്കാനായില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിനോടു ഹൈദരാബാദ് നാലു റണ്‍സിനു തോറ്റു. തുടര്‍ച്ചയായി സിക്സും ഫോറും പായിച്ചെങ്കിലും അവസാന പന്തില്‍ ജയിക്കാന്‍ ആവശ്യമായിരുന്ന ആറു റണ്‍സ് നേടാന്‍ റാഷിദ് ഖാനു കഴിഞ്ഞില്ല.
മൂന്നു വിക്കറ്റ് വീഴ്ത്തി മുന്‍നിരയെ തകര്‍ത്തെറിഞ്ഞ ദീപക് ചഹറിന്റെ പ്രകടനമാണ് ചെന്നൈ വിജയത്തില്‍ നിര്‍ണായകമായത്. സണ്‍റൈസേഴ്സിനായി കെയ്ന്‍ വില്ല്യംസണ് (84), യൂസഫ് പഠാന് (45) എന്നിവര്‍ തിളങ്ങിയെങ്കിലും വിജയം അകന്നുനിന്നു.
നേരത്തെ, അന്പാട്ടി റായിഡുവിന്റെയും സുരേഷ് റെയ്നയുടെയും ബാറ്റിംഗ് മികവിലാണ് സണ്‍റൈസേഴ്സിനെതിരേ ചെന്നൈ മികച്ച സ്കോര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്കു തുടക്കത്തില്‍തന്നെ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന് ഷെയ്ന് വാട്സനെ നഷ്ടപ്പെട്ടു.
ഒന്‍പതു റണ്‍സ് നേടിയ വാട്സനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. സ്കോര്‍ 32ല്‍ മറ്റൊരു ഓപ്പണര്‍ ഫഫ് ഡുപ്ലസിയും മടങ്ങി. ആദ്യ പത്തോവറില്‍ 50 റണ്‍സ് മാത്രമായിരുന്നു ചെന്നൈയുടെ സന്പാദ്യം.ഇതിനുശേഷം ഒത്തുചേര്‍ന്ന റായിഡു-റെയ്ന കൂട്ടുകെട്ടാണു ചെന്നൈ ഇന്നിംഗ്സിനെ കരകയറ്റിയത്. റെയ്നയെ കാഴ്ചക്കാരനാക്കി റായിഡു തകര്‍ത്തടിച്ചു.
റെയ്നയുമായുണ്ടായ ആശയക്കുഴപ്പത്തെ തുടര്‍ന്ന് സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന റായിഡു റണ്ണൗട്ടായി മടങ്ങി. 37 പന്തില്‍നിന്ന് ഒന്‍പതു ബൗണ്ടറികളും നാലു സിക്സും ഉള്‍പ്പെടെ 79 റണ്‍സായിരുന്നു റായിഡുവിന്റെ സന്പാദ്യം. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 112 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
റായിഡു പുറത്തായതിനു പിന്നാലെ റെയ്ന അര്‍ധസെഞ്ചുറി തികച്ചു. അവസാന ഓവറുകളില്‍ നായകന് ധോണിയും തകര്‍ത്തടിച്ചു. റെയ്ന 43 പന്തില്‍നിന്ന് 54 റണ്‍സ് നേടിയപ്പോള്‍ ധോണി 12 പന്തില്‍നിന്ന് 25 റണ്‍സുമായി പുറത്താകാതെനിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് മുന്‍നിര തകര്‍ന്നതോടെ 22/3 എന്ന നിലയിലേക്കു കൂപ്പുകുത്തി. റിക്കി ഭുയി(0), മനീഷ് പാണ്ഡെ(0), ദീപക് ഹൂഡ(1) എന്നിങ്ങനെയായിരുന്നു മുന്‍നിരയുടെ സംഭാവന. ഇതിനുശേഷം ഷക്കിബ് അല്‍ ഹസന്(24), യൂസഫ് പഠാന് എന്നിവര്‍ക്കൊപ്പം വില്യംസണ് വിജയത്തിനു ശ്രമിച്ചെങ്കിലും 17-ാം ഓവറിന്റെ അവസാന പന്തില്‍ വില്യംസണ് പുറത്തായി.
51 പന്തില്‍നിന്ന് 84 റണ്‍സ് അടിച്ചുകൂട്ടിയ നായകന് അഞ്ചുവീതം ബൗണ്ടറികളും സിക്സും പറത്തി. വില്യംസണിനുശേഷമെത്തി നാലു പന്തില്‍നിന്നു 17 റണ്‍സ് നേടിയ റാഷിദ് ഖാനാണ് മത്സരം അവസാന പന്തിലേക്കു നീട്ടിയത്. 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ചഹറിനു പുറമേ ശര്‍ദുള്‍ താക്കുര്‍, കരണ്‍ ശര്‍മ, ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.