ന്യൂഡൽഹി: കുട്ടിക്രിക്കറ്റിലെ കമ്പക്കെട്ടിന്റെ ആശാൻ ക്രിസ് ഗെയ്ൽ ട്വന്റി-20യിൽ 10,000 ക്ലബിൽ കടക്കുന്ന ആദ്യ താരമായി. റോയൽ ചലഞ്ചേഴ്സ് താരമായ ഗെയ്ൽ ഗുജറാത്ത് ലയൺസിനെതിരെയാണ് റിക്കാർഡ് സ്വന്തമാക്കിയത്. കുട്ടിക്രിക്കറ്റിൽ 10,000 ക്ലബിൽ കടക്കുന്ന ലോകത്തെ ആദ്യ താരമെന്ന ബഹുമതിയാണ് ഗെയ്ൽ സ്വന്തം പേരിനൊപ്പം ചേർത്തിരിക്കുന്നത്.
ഐപിഎൽ ഈ സീസൺ തുടക്കത്തിൽ മങ്ങിയ ഗെയ്ൽ ഗുജറാത്ത് ലയൺസിനെതിരായ മത്സരത്തിൽ സടകുടഞ്ഞെഴുന്നേറ്റു. ഓപ്പണറായെത്തിയ ഗെയ്ൽ 38 പന്തിൽ 77 റൺസ് അടിച്ചുകൂട്ടിയാണ് പുറത്തായത്. ഇതിനിടെ ഏഴു സിക്സും അഞ്ചു ഫോറുമാണ് ആ ബാറ്റിൽനിന്നും പറന്നത്. മലയാളി പേസർ ബേസിൽ തമ്പിയാണ് ഗെയ്ലിന്റെ സംഹാരതാണ്ഡവം അവസാനിപ്പിച്ചത്. ബേസിലിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടങ്ങി ഗെയ്ൽ പുറത്തായി.
കുട്ടിക്രിക്കറ്റിലെ ഒട്ടുമിക്ക എല്ലാ റിക്കാർഡുകളും ഗെയ്ലിന്റെ പേരിലാണ്. ഏറ്റവും കൂടുതൽ സെഞ്ചുറി (18), അർധസെഞ്ചുറി (60), ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (175*), വേഗതയേറിയ അർധസെഞ്ചുറി (12 പന്തിൽ), ഏറ്റവും കൂടുതൽ സിക്സുകൾ (736), ഏറ്റവും കൂടുതൽ ഫോർ (764) എന്നിങ്ങനെ നീളുകയാണ് ഗെയ്ൽ പിന്നിട്ട നാഴികക്കല്ലുകൾ. ട്വന്റി-20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സാമാൻ ബ്രണ്ടം മക്കല്ലമാണ്. അദ്ദേഹം 7524 റൺസുമായി ഗെയ്ലിനു ഏറെ പിന്നിലാണ്.