അഹമ്മദാബാദ്/മുംബൈ: കോവിഡ്-19 മഹാമാരിയിൽ ഇന്ത്യ ശ്വാസംമുട്ടുകയാണെങ്കിലും 2021 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് റദ്ദാക്കില്ലെന്നു ബിസിസിഐ. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി പെരുകുകയും മരണ നിരക്ക് ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഐപിഎൽ റദ്ദാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.
കോവിഡ് ഭയപ്പാടിൽ ആർ. അശ്വിൻ അടക്കം അഞ്ചു കളിക്കാർ ഐപിഎൽ മതിയാക്കി വീടുകളിലേക്കു മടങ്ങിയതിനു പിന്നാലെയാണ് ടൂർണമെന്റ് റദ്ദാക്കില്ലെന്നു ബിസിസിഐ അറിയിച്ചത്.
ടീമുകൾക്കുള്ള ബയോ സെക്യൂർ ബബിൾ സുരക്ഷ വർധിപ്പിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. ഐപിഎലിൽ മാറ്റുരയ്ക്കുന്ന എട്ട് ടീമുകൾക്കും ബിസിസിഐ ഇന്നലെ അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്.
അനിർവചനീയമായ പ്രതിസന്ധിഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ആശങ്കയിൽ ചില കളിക്കാർ ടീം വിട്ടുപോയിട്ടുണ്ട്. അവരുടെ തീരുമാനത്തെ മാനിക്കുന്നു, അവർക്ക് എല്ലാ പിന്തുണയും നൽകുന്നു.
അതേസമയ, നിങ്ങൾ (എല്ലാ ടീം അംഗങ്ങളെയും) ബയോ സെക്യൂർ ബബിളിനുള്ളിൽ സുരക്ഷിതരാണെന്ന് അറിയിക്കുന്നു. ഇത്തവണത്തെ ഐപിഎൽ കപ്പിനായുള്ള പോരാട്ടം മാത്രമല്ല, അതിനും മുകളിൽ മാനവികതയ്ക്കായുള്ളതാണ്- ബിസിസിഐ ഇടക്കാല സിഇഒ ഹേമങ്ങ് അമിൻ ഫ്രാഞ്ചൈസികൾക്ക് അയച്ച കത്തിൽ പറയുന്നു.
കാരവാൻ മോഡൽ
കാരവാൻ മോഡലിൽ ഒരേ സമയം രണ്ട് വേദികളിൽ മാത്രമായാണ് ഐപിഎൽ ഇത്തവണ നടക്കുന്നത്. വേദികളിൽനിന്നു വേദികളിലേക്കുള്ള യാത്രയുൾപ്പെടെയുള്ള റിസ്ക് ഒഴിവാക്കാനാണു ബിസിസിഐ ഇത്തരത്തിൽ ടൂർണമെന്റ് നടത്തുന്നത്. ആദ്യ ഘട്ട ഐപിഎൽ മത്സരങ്ങൾ ചെന്നൈയിലും മുംബൈയിലുമായാണു നടന്നത്. രണ്ടാം ഘട്ടം തിങ്കളാഴ്ച മുതൽ അഹമ്മദാബാദിലും ഡൽഹിയിലുമായി ആരംഭിച്ചു.