ന്യൂഡൽഹി:കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഐപിഎലും കടപുഴകി. കളിക്കാരിലുൾപ്പെടെ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്നലെ മുതലുള്ള മത്സരങ്ങൾ അനിശ്ചിതകാലത്തേക്കു നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചു.
സൺറൈസേഴ്സ് ഹൈദരാബാദിന്റെ വൃദ്ധിമാൻ സാഹ, ഡൽഹി ക്യാപ്പിറ്റൽസിന്റെ സ്പിന്നർ അമിത് മിശ്ര എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.കോൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തിക്കും മലയാളി ബൗളർ സന്ദീപ് വാര്യർക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബൗളിംഗ് പരിശീലകൻ എൽ. ബാലാജി ഉൾപ്പെടെയുള്ളവരും രോഗബാധിതരായി.ഇതോടെയാണു കടുത്ത തീരുമാനം. ഐപിഎൽ ഗവേണിംഗ് ബോഡിയും ബിസിസിഐ യും അടിയന്തര യോഗം ചേർന്ന് മത്സരങ്ങൾ നീട്ടിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
കളിക്കാരുടെയും അനുബന്ധ ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണു തീരുമാനം. 52 ദിവസം നീണ്ടുനിൽക്കേണ്ടിയിരുന്ന ക്രിക്കറ്റ് മാമാങ്കത്തിന്റെ കലാശപ്പോരാട്ടം 30ന് അഹമ്മദാബാദിൽ നടത്താനാണു നിശ്ചയിച്ചിരുന്നത്.
എന്നാൽ 24 ദിവസംകൊണ്ട് 29 മത്സരങ്ങൾ പൂർത്തിയായതോടെ ടൂർണമെന്റ് നിർത്തിവയ്ക്കേ ണ്ടി വന്നു. ഇതുവഴി ഏകദേശം 2000 മുതൽ 2500 കോടി രൂപവരെ നഷ്ടമുണ്ടായേക്കാമെന്ന് ബിസിസിഐ അധികൃതർ പറഞ്ഞു.
ഇംഗ്ലണ്ടിൽനിന്ന് പതിനൊന്ന് താരങ്ങളാണ് ഇത്തവണ ഐപിഎലിൽ കളിക്കുന്നത്. ഓസ്ട്രേലിയ (14) ദക്ഷിണാഫ്രിക്ക (11) ന്യൂസിലൻഡ് (10) വെസ്റ്റ് ഇൻഡീസ് (9) അഫ്ഗാനിസ്ഥാൻ (3) എന്നിവർക്കൊപ്പം രണ്ട് ബംഗ്ലാദേശി കളിക്കാരും ഇത്തവണ ഐപിഎലിനുണ്ട്.
ഇതിനു പുറമേ ഓസ്ട്രേലിയയിലെയും ശ്രീലങ്കയിലും നിരവധി മുൻതാരങ്ങളും വിവിധ ടീമുകൾക്കൊപ്പം ഇന്ത്യയിലുണ്ട്.