മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് തീയതി ബിസിസിഐ പ്രഖ്യാപിച്ചു. 18-ാം സീസണ് ഐപിഎൽ മാർച്ച് 21ന് ആരംഭിക്കും. മേയ് 25ന് കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽവച്ചായിരിക്കും ഫൈനൽ. ഹൈദരാബാദിലെ രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽവച്ചാണ് ആദ്യരണ്ടു ക്വാളിഫയർ മത്സരങ്ങൾ നടക്കുക. രണ്ടാം പ്ലേ ഓഫിനും ഫൈനലിനും കോൽക്കത്ത വേദിയാകും.
ബിസിസിഐയുടെ പുതിയ സെക്രട്ടറിയെയും ട്രഷററെയും തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രത്യേക യോഗത്തിലാണ് ഐപിഎൽ 2025 സീസണ് സംബന്ധിച്ചുള്ള നിർണായക തീരുമാനം കൈക്കൊണ്ടത്.
18-ാം സീസണ് ഐപിഎൽ മാർച്ച് 14ന് തുടങ്ങുമെന്നായിരുന്നു മുന്പു പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഇന്നലെ ഐപിഎൽ ഉദ്ഘാടന, സമാപന തീയതികൾ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ഐപിഎല്ലിനായി ഒരു വർഷത്തേക്കു പുതിയ കമ്മീഷണറെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.
ഈ മാസം 18, 19 തീയതികളിൽ നടക്കാനിരിക്കുന്ന ബിസിസിഐ യോഗങ്ങളിലായിരിക്കും മത്സരക്രമം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുക. 2025 ഐപിഎല്ലിനു മുന്പായി ടീമുകൾ എല്ലാം ഉടച്ചുവാർത്തിട്ടുണ്ട്.
ഐപിഎൽ മാർച്ച് 21ന്: ഫൈനൽ കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ
