ന്യൂഡൽഹി: സഞ്ജു സാംസൺന്റെയും ഋഷഭ് പന്തിന്റെയും അർധസെഞ്ചുറി മികവിൽ ഡൽഹി ഡെയർഡെവിൾസിന് തകർപ്പൻ ജയം. ഗുജറാത്ത് ലയൺസിനെ ഏഴു വിക്കറ്റിന് ഡൽഹി തറപറ്റിച്ചു. ഗുജറാത്ത് ഉയർത്തിയ 209 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഡൽഹി 15 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു.
സഞ്ജുവിന്റെയും (61) പന്തിന്റെയും (97) മാരക ബാറ്റിംഗിനു മുന്നിൽ ഗുജറാത്ത് തകർന്നടിയുകയായിരുന്നു. സഞ്ജു 31 പന്തിൽ ഏഴു കൂറ്റൻ സിക്സറുകൾ പായിച്ചാണ് അർധ ശതകം കടന്നത്. 43 പന്തിൽ ഒമ്പതു സിക്സും നാലു ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 143 റൺസാണ് അടിച്ചുകൂട്ടിയത്.
നേരത്തെ ക്യാപ്റ്റൻ സുരേഷ് റെയ്നയുടേയും (77) ദിനേഷ് കാർത്തിക്കിന്റെയും (65) അർധ ശതകങ്ങളാണ് ഗുജറാത്തിന് കൂറ്റൻ സ്കോർ നൽകിയത്. ഓപ്പണർമാരായ മക്കല്ലവും (1) സ്മിത്തും (9) വേഗം പുറത്തായതോടെ പരിങ്ങലിലായ ഗുജറാത്തിനെ റെയ്നയും കാർത്തിക്കുമാണ് കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്.