മുംബൈ: നേതൃപാടവം, വിക്കറ്റ് കീപ്പിംഗ്, വെടിക്കെട്ട് ഫിനിഷിംഗ്, ഭാവന… ഇതു നാലും സമന്വയിപ്പിച്ച ലോക ക്രിക്കറ്റിലെ അപൂർവ ജനുസാണ് എം.എസ്. ധോണി എന്നതിൽ ആർക്കും തർക്കമില്ല.
അതേ ധോണിയുടെ പിൻഗാമിയായി ഇന്ത്യൻ ടീമിലെത്തിയതാണ് ഋഷഭ് പന്ത് എന്ന യുവാവ്. ധോണിയെ ആശാനാക്കി അദ്ദേഹത്തിന്റെ നിഴലായി പന്ത് ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നതുമാണ്.
ധോണി ദേശീയ ടീമിൽനിന്നു വിരമിച്ചു, പന്ത് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി. ഇപ്പോൾ നായകനായി അരങ്ങേറാനുള്ള തയാറെടുപ്പിലാണ് പന്ത്. തന്റെ ആശാനായ ധോണിക്കെതിരേയാണു പന്തിന്റെ ക്യാപ്റ്റൻസി അരങ്ങേറ്റം എന്നതാണു ശ്രദ്ധേയം.
അതെ, ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സും ഋഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപ്പിറ്റൽസും ഇന്ന് നേർക്കുനേർ ഇറങ്ങും. രാത്രി 7.30ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.
ഭാവിയിൽ ഇന്ത്യയെ നയിക്കാൻ പ്രാപ്തനാണോ പന്ത് എന്നതുൾപ്പെടെയുള്ള നിരീക്ഷണങ്ങളും ക്രിക്കറ്റ് ലോകത്ത് ഇന്ന് ആരംഭിക്കും.
സിഎസ്കെ x ഡിസി
സ്ഥിരം സാന്നിധ്യമായിരുന്ന ഷെയ്ൻ വാട്സണ് ടീമിൽനിന്നു പുറത്തുപോയശേഷം ചെന്നൈയുടെ ആദ്യ മത്സരമാണ്. കഴിഞ്ഞ സീസണിൽ സീനിയർ താരങ്ങളെ ഒഴിവാക്കിയശേഷമാണു ടീം അവസാന മത്സരങ്ങളിൽ ജയം നേടിയത്.
ഋതുരാജ് ഗെയ്ക് വാദ് എന്ന യുവതാരത്തിന്റെ സാന്നിധ്യം ടീമിനു മുതൽക്കൂട്ടാണ്. കഴിഞ്ഞ സീസണിൽ അപ്രതീക്ഷിതമായി ടീം വിട്ടുപോയ സുരേഷ് റെയ്ന ഇത്തവണ തിരിച്ചെത്തിയിട്ടുണ്ട്. അന്പാട്ടി റായുഡു, ചേതേശ്വർ പൂജാര, ഫാഫ് ഡുപ്ലെസി, റോബിൻ ഉത്തപ്പ എന്നിവരും ടീമിനൊപ്പമുണ്ട്.
ദക്ഷിണാഫ്രിക്കൻ താരങ്ങളായ കഗിസൊ റബാഡ, ആൻറിച്ച് നോർജെ (ഡൽഹി), ലുൻഗി എൻഗിഡി എന്നിവർ ഇന്നത്തെ മത്സരത്തിൽ ഇരു ടീമിലുമുണ്ടാകില്ല. ക്രിസ് വോക്സ്, ഇഷാന്ത് ശർമ, ഉമേഷ് യാദവ് എന്നിവരാകും ഡൽഹിയുടെ പേസ് ആക്രമണം നയിക്കുക.
വിജയ് ഹസാരെ ട്രോഫിയിൽ തകർത്തടിച്ച് മുംബൈയ്ക്കു കിരീടം സമ്മാനിച്ച പൃഥ്വി ഷായുടെ ബാറ്റിംഗ് വെടിക്കെട്ട് ഡൽഹി പ്രതീക്ഷിക്കുന്നുണ്ട്. മൊയീൻ അലിയുടെ വരവാണു ചെന്നൈ എക്സ് ഫാക്ടർആയി കണക്കാക്കുന്നത്.
ചെന്നൈ x ഡൽഹി
ആകെ മത്സരം: 23
ചെന്നൈ ജയം: 15
ഡൽഹി ജയം: 08