ന്യൂഡൽഹി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2024 എഡിഷനിലേക്ക് വെറും എട്ട് ദിനങ്ങൾ മാത്രം ശേഷിക്കേ ഡൽഹി ക്യാപ്പിറ്റൽസിന് ഇരുട്ടടിയേറ്റു.
വെടിക്കെട്ട് ബാറ്ററായ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക് ഐപിഎല്ലിൽനിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റം. 2024 താരലേലത്തിൽ നാലു കോടി രൂപ മുടക്കിയാണ് ഡൽഹി ക്യാപ്പിറ്റൽസ് ഹാരി ബ്രൂക്കിനെ സ്വന്തമാക്കിയത്.
2023 ഐപിഎൽ സീസണിൽ ഹൈദരാബാദ് സണ്‍റൈസേഴ്സ് 13.25 കോടി രൂപ മുടക്കി ബ്രൂക്കിനെ സ്വന്തമാക്കിയെങ്കിലും കാര്യമായ ഗുണമുണ്ടായില്ല. 190 റണ്‍സ് മാത്രമായിരുന്നു 2023 ഐപിഎല്ലിൽ ഇംഗ്ലീഷ് ബാറ്റർ നേടിയത്. 23ന് പഞ്ചാബ് കിംഗ്സിനെതിരേയാണ് 2024 എഡിഷനിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ ആദ്യ മത്സരം.
നാളുകളായി പുറത്ത്
ഐപിഎല്ലിൽനിന്ന് ഹാരി ബ്രൂക്ക് പിന്മാറിയത് അപ്രതീക്ഷിതമായല്ല. ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ ആദ്യം ബ്രൂക്ക് ഉണ്ടായിരുന്നു. ബാസ്ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റണ്‍സ് നേടിയ ബാറ്റർമാരിൽ മുൻപന്തിയിലായിരുന്നു ബ്രൂക്കിന്റെ സ്ഥാനം. എന്നാൽ, ഇന്ത്യൻ പര്യടനത്തിൽനിന്നും ബ്രൂക്ക് വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറി. താരത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഇംഗ്ലണ്ട് ആൻഡ് വെൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അന്ന് ആവശ്യപ്പെട്ടിരുന്നു.
ക്യാപ്റ്റൻ ഋഷഭ് പന്ത് അപകടത്തെത്തുടർന്നുള്ള പരിക്കും പ്രശ്നങ്ങളും അതിജീവിച്ച് 2024 സീസൺ ഐപിഎല്ലിൽ തിരിച്ചെത്തുന്നു എന്ന വാർത്ത പുറത്തുവന്നതിന്റെ പിറ്റേദിവസമാണ് ഹാരി ബ്രൂക്കിന്റെ പിന്മാറ്റം. ഡൽഹി ക്യാപ്പിറ്റൽസിന്റെ ഐപിഎൽ മുന്നൊരുക്കത്തെ ഇത് സാരമായി ബാധിക്കാൻ ഇടയുണ്ട്.
ഫ്രാഞ്ചൈസി പ്രതിഷേധം
ഹാരി ബ്രൂക്കിന്റെ അപ്രതീക്ഷിത പിന്മാറ്റം ഡൽഹി ഫ്രാഞ്ചൈസിയെ രോഷത്തിലാക്കിയെന്നാണ് സൂചന. കോടികൾ മുടക്കി ലേലത്തിലെടുക്കുന്ന കളിക്കാർ ഫ്രാഞ്ചൈസികളോട് കൂറുപുലർത്തണമെന്ന ആവശ്യം ബിസിസിഐക്ക് മുന്നിൽ സമർപ്പിക്കാൻ ഫ്രാഞ്ചൈസികൾ നീക്കം ആരംഭിച്ചതായാണ് സൂചന. ഇംഗ്ലീഷ് താരങ്ങളായ മാർക്ക് വുഡ്, ജേസണ്‍ റോയ്, ഗസ് അറ്റ്കിൻസണ് എന്നിവർ ഇതിനോടകം 2024 ഐപിഎല്ലിൽനിന്ന് പിന്മാറിയിട്ടുണ്ട്.
മുൻ സീസണുകളിൽ അലക്സ് ഹെയ്ൽസ്, ജേസണ്‍ റോയ്, ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്ക് എന്നിവരും അപ്രതീക്ഷിതമായി ഐപിഎല്ലിൽനിന്ന് പിന്മാറിയെന്നതും ചരിത്രം.