ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 12-ാം പതിപ്പ് ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യക്കു പുറത്തുനടത്തുമെന്ന അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമം. ഈ വർഷത്തെ ഐപിഎൽ ഇന്ത്യയിൽതന്നെ നടത്തുമെന്ന് ഉറപ്പായി. ലീഗ് മത്സരങ്ങൾക്ക് മാർച്ച് 23ന് തുടക്കമാകും.
ബിസിസിഐയുടെ ഭരണകാര്യങ്ങൾക്കായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ഇന്നലെ ചേർന്ന യോഗത്തിൽ മത്സരങ്ങളെല്ലാം ഇന്ത്യയിൽതന്നെ നടത്തുമെന്ന് ഉറപ്പു നൽകി.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഐപിഎൽ മത്സരങ്ങൾക്കും വേദികൾക്കും കളിക്കാർക്കും വേണ്ടത്ര സുരക്ഷ ഒരുക്കാനുള്ള അപര്യാപ്ത മുന്നിൽകണ്ടാണ് മത്സരങ്ങൾ ഇന്ത്യക്കു പുറത്തുനടത്തുന്നകാര്യം ആലോചനയിൽ വന്നത്.
നേരത്തെ തീരുമാനിച്ചതുപോലെ മാർച്ച് 23ന് തന്നെ മത്സരം ആരംഭിക്കുമെന്നും വിശദമായ ഷെഡ്യൂൾ വേണ്ടപ്പെട്ട അധികൃതരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ബിബിസിസി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഐപിഎലിന്റെ പൂർണമായ ഷെഡ്യൂൾ പുറപ്പെടുവിക്കും മുന്പ് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ഐപിഎൽ ടീം ഉടമകളുമായി ചർച്ച നടത്തും.
ഇത്തവണ ഐപിഎലും ഏകദിന ലോകകപ്പിന്റെ ഷെഡ്യൂളുമായി ഏറ്റുമുട്ടലിലായിരിക്കുകയാണ്. മേയ് 30ന് ലോകകപ്പിനു തുടക്കമാകും. സാധാരണയായി ഐപിഎൽ ഏപ്രിൽ ആദ്യ ആഴ്ച ആരംഭിച്ച് മേയ് അവസാനത്തോടെ തീരും.
എന്നാൽ, ഐപിഎലും അതിനുശേഷമുള്ള അന്താരാഷ്ട്ര മത്സരങ്ങൾക്കുമിടെ 15 ദിവസത്തെയെങ്കിലും ഇടവേള വേണമെന്ന ജസ്റ്റീസ് ലോധ കമ്മിറ്റിയുടെ നിർദേശത്തെത്തുടർന്നാണ് ഇത്തവണത്തെ ലീഗ് മത്സരം നേരത്തെയാക്കിയത്. ഇപ്പോഴത്തെ ഷെഡ്യൂൾ പ്രകാരം ഐപിഎൽ മാർച്ച് അവസാന ആഴ്ച ആരംഭിച്ച് മേയ് പകുതിയോടെ പൂർത്തിയാകും.