ന്യൂഡൽഹി: ഒടുവിൽ ഡൽഹി ഡെയർ ഡെവിൾസ് വിജയവഴിയിൽ. ഡേവിഡ് വാർണറുടെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആറു വിക്കറ്റിനു തകർത്താണ് കരുണ്‍ നായരുടെ നേതൃത്വത്തിലിറങ്ങിയ ഡൽഹി വിജയം പിടിച്ചെടുത്തത്. യുവരാജ് സിംഗിന്റെ തകർപ്പൻ ഇന്നിംഗ്സിന്റെ ബലത്തിൽ സണ്‍റൈസേഴ്സ് ഉയർത്തിയ 186 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു.
സഞ്ജു സാംസണ്(24), കരുണ്‍ നായർ(39), റിഷഭ് പന്ത്(34), ശ്രേയസ് അയ്യർ(33), കോറി ആൻഡേഴ്സണ്(37*), ക്രിസ് മോറിസ്(15*) എന്നിവരുടെ മികച്ച പ്രകടനം ഡൽഹി വിജയത്തിൽ നിർണായകമായി. സണ്‍റൈസേഴ്സിനായി മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റ് നേടി. ക്യാപ്റ്റൻ സഹീർ ഖാന്റെ അഭാവത്തിൽ മലയാളി താരം കരുണ്‍ നായരാണ് ഡൽഹിയെ നയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 185 റണ്‍സ് നേടി. 41 പന്തിൽ പുറത്താകാതെ 70 റണ്‍സ് നേടിയ യുവരാജ് സിംഗിന്റെ ഇന്നിംഗ്സായിരുന്നു സണ്‍റൈസേഴ്സ് സ്കോർ ബോർഡിന്റെ കരുത്ത്. 11 ഫോറിന്റെയും ഒരു സിക്സിന്റെയും അകന്പടിയോടെയാണ് യുവി ഇന്നിംഗ്സ് പൂർത്തിയാക്കിയത്.
ഓപ്പണിംഗ് വിക്കറ്റിലെ 53 റണ്‍സ് കൂട്ടുകെട്ടിനുശേഷം നാലാം വിക്കറ്റിൽ യുവരാജ് സിംഗും മാറ്റ് ഹെന്റിക്വസും 50 പന്തിൽ നിന്ന് 93 റണ്‍സടിച്ച് ഹൈദരാബാദ് സ്കോർ 185ൽ എത്തിക്കുകയായിരുന്നു. ഡൽഹിക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി.