ഐപിഎലിന്റെ എല്ലാ സീസണിലും കളിച്ചിട്ടും കിരീടം കിട്ടാക്കനിയായ ടീമാണ് കിംഗ്സ് ഇലവന് പഞ്ചാബ്. പേരിലും താരനിരയിലും രാജപരിവേഷമുണ്ടെങ്കിലും കളത്തിലിറങ്ങുന്പോള് ലീഗിലെ അവസാന സ്ഥാനങ്ങളില്‍ ഒതുങ്ങപ്പെടുകയാണ് പഞ്ചാബ് ടീമിന്റെ പതിവ്.
ആദ്യ സീസണില്‍ അവസാന നാലിലെത്തിയതും 2014ല്‍ ഫൈനലിലെത്തിയതും മാത്രമാണ് പഞ്ചാബിന് ആകെ ഓര്‍മയില്‍ സൂക്ഷിക്കാനുള്ള നേട്ടങ്ങള്‍. വളരെ കരുതലോടെയും തയാറെടുപ്പോടെയുമാണ് ഇത്തവണ കിംഗസ് പോരിനിറങ്ങുന്നത്. വിരേന്ദര്‍ സെവാഗ് പരിശീലിപ്പിക്കുന്ന ടീമില്‍ ട്വന്റി 20യില്‍ കൂറ്റനടികള്‍ക്കു പേരുകേട്ട ഒരു സംഘം താരങ്ങളാണ് ഇത്തവണയുള്ളത്. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറാണ് നായകൻ.
വെടിക്കെട്ട് പ്രതീക്ഷിക്കാം
നായകന് ഡേവിഡ് മില്ലറില്‍ തുടങ്ങി ഗ്ലെന്‍ മാക്സ്വെല്, ഇയോണ്‍ മോര്ഗന്, മാര്ട്ടിന് ഗപ്ടില്‍, ഷോണ്‍ മാര്‍ഷ് എന്നിവരും കൂടെ ചേരുന്പോള്‍ പഞ്ചാബിന്റെ ആയുധപ്പുര നിറയും. ഒപ്പം രണ്ടും വട്ടം ട്വന്റി 20 ലോകകപ്പ് നേടിയ നായകന് ഡാരന്‍ സമിയും കിംഗ്സിനു കരുത്തേകും.
ആരാകും ആ നാലു താരങ്ങള്‍
എടുത്തുപറയാന്‍ നിരവധി താരങ്ങളുണ്ടെങ്കിലും അവസാന ഇലവനില്‍ നാലു വിദേശ താരങ്ങളെ മാത്രമേ ഉള്‍പ്പെടുത്താവൂ എന്നതിനാല്‍ മില്ലറെ കൂടാതെ ആരെ കളത്തിലിറക്കുമെന്ന ആശയക്കുഴപ്പത്തിലാണ് പഞ്ചാബ്. മുരളി വിജയ്, വൃദ്ധിമാന്‍ സാഹ എന്നിവരെ കൂടാതെ മികച്ച ഇന്ത്യന്‍ താരങ്ങളുടെ അസാന്നിധ്യമാണ് കിംഗ്സിനെ വലയ്ക്കുന്നത്.
ബൗളിംഗിലും മികച്ച താരങ്ങളുടെ കുറവ് പഞ്ചാബ് നിരയിലുണ്ട്. വരുണ്‍ ആരോണ്‍ നയിക്കുന്ന പേസ് ആക്രമണത്തില്‍ മോഹിത് ശര്‍മ തുടങ്ങിയവരുണ്ടെങ്കിലും രാജ്യാന്തര വേദികളില്‍ തിളങ്ങിയ താരങ്ങളില്ലാത്തത് പഞ്ചാബിനു തിരിച്ചടിയാകും. സ്പിന്‍ വിഭാഗത്തില്‍ അക്സര്‍ പട്ടേല്‍ മാത്രമാണ് പ്രതീക്ഷയുള്ള താരം.
ശ്രദ്ധിക്കേണ്ട താരങ്ങള്‍
ഡേവിഡ് മില്ലര്‍ – മില്ലര്‍ക്കു നായകസ്ഥാനം നല്‍കിയത് വഴി കിംഗ്സ് ഇലവന് അദ്ദേഹത്തിന് എത്രമാത്രം പ്രാധാന്യം നല്കുന്നു എന്നുള്ളതിന്റെ തെളിവാണ്. ഓസീസ് പരന്പരയിലുള്പ്പെടെ മികച്ച ഫോം കാഴ്ചവച്ച മില്ലര്‍ ടോപ് ഗിയറിലായാല് കിംഗ്സ് ഇലവന് അത് മുന്നോട്ടുള്ള ഇന്ധനമാകും.
ഗ്ലെന്‍ മാക്സ്വെൽ – മുന്നോട്ടു കളിക്കുന്നതിനേക്കാള്‍ പിന്നോട്ടു കളിക്കുന്ന താരമെന്നാണ് മാക്സ്വെല്ലിന്റെ വിശേഷണം. റിവേഴ്സ് സ്വീപ് വളരെ മനോഹരമായി കളിക്കുന്നതാണ് മാക്സ്വെല്ലിന് ആ വിശേഷണം ചാര്‍ത്തിക്കൊടുത്തത്. പഞ്ചാബ് ഫൈനലിലെത്തിയ 2014ലെ മികവ് മാക്സ്വെല് പുറത്തെടുത്താല്‍ ബൗളര്‍മാരുടെ വിധി തിരുത്തപ്പെടും.
മാര്ട്ടിന് ഗപ്ടില്‍ – മുരളി വിജയ്ക്കൊപ്പം ഓപ്പണിംഗില്‍ മികവു പുലര്‍ത്താന്‍ സാധിക്കുന്ന താരമാണ് ഗപ്ടില്‍. ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടിയ നാലു താരങ്ങളില്‍ ഒരാളായ ഗപ്ടിലിനു അതില്‍ കൂടുതല്‍ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത കളിക്കാരനാണ്. ഷോണ്‍ മാര്‍ഷ്, ഇയോണ്‍ മോര്ഗന് തുടങ്ങിയവരും പഞ്ചാബിന്റെ പ്രതീക്ഷകള്‍ക്കു ജീവന് പകരുന്നു.
കിംഗ്സ് ഇലവന് പഞ്ചാബ് ടീം – ഡേവിഡ് മില്ലര്‍, അക്സര്‍ പട്ടേല്‍, മനന്‍ വോറ, ഗ്ലെന്‍ മാക്സ്വെൽ, ഗുര്രീറത്ത് സിംഗ്, അനുരീത് സിംഗ്, സന്ദീപ് ശര്‍മ, ഷോണ്‍ മാര്‍ഷ്, വൃദ്ധിമാന്‍ സാഹ, മുരളി വിജയ്, നിഖില്‍ നായക്, മോഹിത് ശര്‍മ, മാര്‍ക്കസ് സ്റ്റോണിസ്, കെ.സി. കരിയപ്പ, അര്മാന് ജാഫര്‍, പ്രദീപ് സാഹു, സ്വപ്നില്‍ സിംഗ്, ഹഷിം അംല, ഇയോണ്‍ മോര്ഗന്, രാഹുല്‍ തെവാട്യ, ടി. നടരാജന്, മാറ്റ് ഹെന്റി, മാര്‍ട്ടില്‍ ഗപ്ടില്‍, വരുണ്‍ ആരോണ്‍, ഡാരന്‍ സമി, റിങ്കു സിംഗ്.