വിശാഖപട്ടണം: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടൽ പിറന്ന മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ റണ്‍സ് റൈഡ്. ഡൽഹി ക്യാപ്പിറ്റൽസിന് എതിരേ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കെകെആർ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 272 റണ്‍സ്.
മാർച്ച് 27ന് മുംബൈ ഇന്ത്യൻസിന് എതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദ് 277 റണ്‍സ് അടിച്ചതാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോർ. കൃത്യം ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയും ടീം ടോട്ടൽ 270 കടക്കുന്നതിനാണ് ഐപിഎൽ ആരാധകർ സാക്ഷ്യംവഹിച്ചത്.
പടുകൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഡൽഹി ക്യാപ്പിറ്റൽസിന് 17.2 ഓവറിൽ 166 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. അതോടെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 106 റൺസിന്റെ ആധികാരിക ജയം സ്വന്തമാക്കി. രാജസ്ഥാൻ റോയൽസിനു ശേഷം 2024 ഐപിഎല്ലിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിക്കുന്ന രണ്ടാമത് ടീമായി കോൽക്കത്ത.
പോയിന്റ് പട്ടികയിൽ കെകെആർ ഒന്നാമതും എത്തി. ഡൽഹി ക്യാപ്പിറ്റൽസിനുവേണ്ടി ക്യാപ്റ്റൻ ഋഷഭ് പന്ത് (25 പന്തിൽ 55), സ്റ്റബ്സ് (32 പന്തിൽ 54) എന്നിവർ മാത്രമാണ് പോരാടിയത്. കോൽക്കത്തയ്ക്കു വേണ്ടി വരുൺ ചക്രവർത്തിയും വൈഭവ് അറോറയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
39 പന്തിൽ ഏഴ് സിക്സും ഏഴ് ഫോറും അടക്കം 85 റണ്‍സ് നേടിയ സുനിൽ നരെയ്നാണ് കെകെആറിന്റെ ടോപ് സ്കോറർ. പതിനെട്ടുകാരനായ അംക്രിഷ് രഘുവംശി 27 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും അടക്കം 54 റണ്‍സ് നേടി.
ആന്ദ്രേ റസൽ (19 പന്തിൽ 41), റിങ്കു സിംഗ് (എട്ട് പന്തിൽ 26), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (11 പന്തിൽ 18) എന്നിവരും ആക്രമിച്ചു കളിച്ചതോടെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പടുത്തുയർത്തി. 2018ൽ പഞ്ചാബിന് എതിരേ നേടിയ 245/6 ആയിരുന്നു കെകെആറിന്റെ ഇതുവരെയുള്ള ഉയർന്ന ടീം സ്കോർ.
IPL പോയിന്റ്
ടീം, മത്സരം, ജയം, തോൽവി, പോയിന്റ്
കോൽക്കത്ത 3 3 0 6
രാജസ്ഥാൻ 3 3 0 6
ചെന്നൈ 3 2 1 4
ലക്നോ 3 2 1 4
ഗുജറാത്ത് 3 2 1 4
ഹൈദരാബാദ് 3 1 2 2
പഞ്ചാബ് 3 1 2 2
ബംഗളൂരു 4 1 3 2
ഡൽഹി 4 1 3 2
മുംബൈ 3 0 3 0