ബംഗളുരു: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിനുള്ള ഒരുക്കങ്ങൾ അണിയറയിൽ സജീവമാണ്. ലേലത്തിനു മുൻപുള്ള താരങ്ങളുടെ കൈമാറ്റത്തിനു തിരശീല വീണത് കഴിഞ്ഞ ദിവസമാണ്. രാജസ്ഥാൻ റോയൽസ് വിശ്വസ്തതാരം അജിൻക്യ രഹാനെയെ ഡൽഹി ക്യാപിറ്റൽസിനു കൈമാറിയതായിരുന്നു ഒടുവിലെ പ്രധാന വാർത്ത.
രഹാനെയെപോലെ തന്നെ രാജസ്ഥാൻ നിരയിലെ വിശ്വസ്തനാണു മലയാളിതാരം സഞ്ജു സാംസണ്. വിലക്കിനുശേഷം ടീം മടങ്ങിയെത്തിയപ്പോൾ രാജസ്ഥാൻ ആദ്യം ടീമിലേക്ക് തിരികെകൊണ്ടുവന്ന താരങ്ങളിൽ സഞ്ജുവുമുണ്ടായിരുന്നു. സഞ്ജുവുമായി ബന്ധപ്പെട്ട ഒരു സംഭാഷണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
“സഞ്ജു സാംസണിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വിൽക്കാൻ താത്പര്യമുണ്ടോ?’ എന്നായിരുന്നു രാജസ്ഥാൻ റോയൽസ് ട്വിറ്റർ അക്കൗണ്ടിനെ ടാഗ് ചെയ്ത് ആരാധകന്റെ ചോദ്യം. ഇതിനു റോയൽസ് മറുപടി നൽകി. “വിരാടിനെയും എബിയെയും (എ.ബി. ഡിവില്ലിയേഴ്സ്) വിൽക്കാൻ സമ്മതമാണോ?’ എന്നായിരുന്നു റോയൽസിന്റെ മറുപടി. മറുപടി ട്വീറ്റിൽ റോയൽ ചാലഞ്ചേഴ്സിനെ ടാഗ് ചെയ്യാനും രാജസ്ഥാൻ മറന്നില്ല.
പിന്നാലെ രാജസ്ഥാനു മറുപടിയുമായി റോയൽ ചഞ്ചേഴ്സ് രംഗത്തെത്തി. “മിസ്റ്റർ നാഗിനെ നിങ്ങൾക്കു തരാം’ എന്നും “പതുക്കെ അദ്ദേഹം ഇവിടേക്കു തന്നെ തിരിച്ചെത്തുമെന്ന് ഞങ്ങൾക്കറിയാം’ എന്നുമായിരുന്നു ചഞ്ചേഴ്സിന്റെ മറുപടി. രസകരമായ ഈ സമൂഹമാധ്യമ സംഭാഷണം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.