നൗഷാദ് മാങ്കാംകുഴി
കായംകുളം :ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി കളിക്കാൻ കായംകുളത്തുകാരനായ എം.എസ് മിഥുനും ഇടം നേടിയതോടെ നാട് ആവേശത്തിൽ. മിഥുന്റെ വീട്ടിലേക്ക് ക്രിക്കറ്റ് പ്രേമികളുടെ അഭിനന്ദന പ്രവാഹം. ഇന്നലെ നടന്ന ഐപിഎൽ താരലേലത്തിലാണ് കായംകുളം കണ്ടല്ലൂർ തെക്ക് പുല്ലുകുളങ്ങര സുകുമാർ നിവാസിൽ സുദിശൻ- സുധാമണി ദന്പതികളുടെ മകനും ഹരിപ്പാട് നങ്ങ്യാർകുളങ്ങര ടികഐം കോളേജിലെ ബിഎസ്സി കെമിസ്ട്രി വിദ്യാർഥിയുമായ എം.എസ.് മിഥുൻ (22 )നെ രാജസ്ഥാൻ റോയൽസ് 20 ലക്ഷം രൂപയ്ക്ക് സ്വന്തക്കിയത്.
വാർത്ത പുറത്ത് വന്നതോടെ സമൂഹ മാധ്യമങ്ങളിൽ മിഥുന് അഭിനന്ദനം പ്രവഹിക്കുകയാണ്. ഒപ്പം നാട്ടിലെ ക്രിക്കറ്റ് പ്രേമികൾ ആവേശത്തിലുമായി. പതിനാലാം വയസിൽ ക്രിക്കറ്റ് കളി ആരംഭിച്ച മിഥുൻ രണ്ടുവർഷത്തിനുള്ളിൽ ആലപ്പുഴ ജില്ലാ ക്രിക്കറ്റ് ടീമിൽ അംഗമായി. പിന്നീട് പത്തൊന്പതാം വയസിൽ എറണാകുളത്ത് പരിശീലനം ആരംഭിച്ചു. മുൻ സംസ്ഥാന താരം ബിപിൻ ഉമ്മൻ മിഥുന് വേണ്ട പ്രോത്സാഹനം നൽകി.
തൃപ്പൂണിത്തറ ക്ലബിലെ ടർഫ് വിക്കറ്റിൽ മികച്ച പരിശീലനം നേടി.കഴിഞ്ഞ രണ്ടുവർഷമായി ആലപ്പുഴ ജില്ലാ ടീമിൽ മികച്ച ബൗളറായി മിഥുൻ പന്തെറിയുകയാണ്. ഈ മാസം വിശാഖ പട്ടണത്ത് നടന്ന സെയ്ദ് മുഷ്താഖ് അലി ട്വന്റി ടൂർണ്ണമെന്റിലും കേരളാ ക്രിക്കറ്റ് ടീമിൽ മിഥുൻ ഇടം നേടിയിരുന്നു. കഴിഞ്ഞ വർഷം ആലപ്പുഴയിൽ നടന്ന രഞ്ജി ക്രിക്കറ്റ് ക്യാന്പിൽ അഞ്ചു ദിവസം പന്തെറിയാൻ മിഥുന് അവസരം ലഭിച്ചിരുന്നു.
ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷനും, ട്രാവൻകൂർ ക്രിക്കറ്റ് അക്കാദമിയും മിഥുന് വേണ്ട പ്രോത്സാഹനം നൽകി. മിഥുനിലെ ക്രിക്കറ്റ് താരത്തെ കണ്ടെത്തിയത് ട്രാവൻകൂർ ക്രിക്കറ്റ് അക്കാദമിയാണ്. ചെറുപ്പം മുതലേ തുടങ്ങിയ മിഥുന്റെ ക്രിക്കറ്റ് അഭിനിവേശം തിരിച്ചറിഞ്ഞ് ട്രാവൻ കൂർ ക്രിക്കറ്റ് അക്കാദമി ഡയറക്ടർ സിനിൽ സബാദ് ഒട്ടേറെ അവസരങ്ങൾ മിഥുന് കണ്ടെത്തി നൽകി .
രഞ്ജി ക്യാന്പിൽ മികച്ച രീതിയിൽ പന്തെറിഞ്ഞതിനെ തുടർന്ന് സെലക്ടർ മാരുടെ പ്രശംസയും മിഥുൻ നേടിയിരുന്നു. ആലപ്പുഴ എസ്ഡി കോളേജിലെ ടർഫ് വിക്കറ്റിലും, കായംകുളം എംഎസ്എം കോളേജിലെ കോണ്ക്രീറ്റ് വിക്കറ്റിലുമായിരുന്നു മിഥുന്റെ നാട്ടിലെ പരിശീലനം. സമീപ കാലത്തെ മത്സരങ്ങളിലെ മികച്ച പ്രകടനമാണ് ഇപ്പോൾ മിഥുനെ ഐപിഎൽ നെറുകയിലെത്തിച്ചത്. ഓൾ ഇന്ത്യ പൂജാ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ എസ്ബിഐയ്ക്ക് വേണ്ടി കളിച്ച മിഥുൻ കാനറാ ബാങ്കിനെതിരെ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.
നാലുവിക്കറ്റുകൾ നേടിയ മിഥുന് കേരളാ സീനിയർ ട്വന്റി ട്വന്റി ടീമിൽ കളിയ്ക്കാൻ ഇടം ലഭിക്കുകയും ചെയ്തു. ഐപിഎലിൽ അവസരം ലഭിച്ചതിൽ മിഥുൻ എല്ലാവർക്കും നന്ദി അറിയിച്ചു. ഇതിഹാസങ്ങൾക്കൊപ്പം കളിയ്ക്കാൻ അവസരം ലഭിച്ചതിൽ ഏറെ സാന്തോഷമുണ്ടെന്നും മിഥുൻ പറഞ്ഞു.