മുംബൈ: അടുത്ത സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന് ടീമുകളുടെ എണ്ണം എട്ടിൽനിന്ന് ഒന്‍പതിലേക്ക് ഉയർത്താൻ ബിസിസിഐ ശ്രമിക്കുന്നതായി സൂചന.
ഐപിഎലിലെ ഒന്‍പതാമത്തെ ടീമിനെ കേരളത്തിന്റെ സ്വന്തം സൂപ്പർ നടനായ മോഹൻലാൽ സ്വന്തമാക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മോഹൻലാലും സംവിധായകൻ പ്രിയദർശനും ചേർന്നു രൂപീകരിക്കുന്ന ഫ്രാഞ്ചൈസി ഐപിഎൽ ടീമിനായി ശ്രമിക്കുമെന്നാണ് വാർത്തകൾ. ദുബായിൽ നടന്ന 13-ാം സീസണ് ഐപിഎൽ ഫൈനലിനു സാക്ഷ്യംവഹിക്കാൻ മോഹൻലാൽ എത്തിയിരുന്നു.
അടുത്ത സീസണ് ഐപിഎൽ ഇന്ത്യയിൽതന്നെ നടക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. 2021 ഏപ്രിൽ-മേയ് മാസങ്ങളിലായിരിക്കും ഐപിഎലിന്റെ 14-ാം സീസണ് അരങ്ങേറുക എന്നാണ് സൂചന.