മുംബൈ: സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വിജയക്കുതിപ്പിന് മുംബൈ ഇന്ത്യൻസിന്റെ തട. തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ വാർണറും സംഘവും മുംബൈക്കു മുന്നിൽ മുട്ടുമടക്കി. ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്സ് ഉയർത്തിയ 158 റണ്‍സ് വിജയലക്ഷ്യം മുംബൈ എട്ടു പന്ത് ബാക്കിനിൽക്കെ മറികടന്നു.
സ്കോർ: സണ്‍റൈസേഴ്സ് ഹൈദരാബാദ്- 158/8. മുംബൈ ഇന്ത്യൻസ്- 159/6.
ടോസ് നേടിയ സണ്‍റൈസേഴ്സിന് ധവാനും വാർണറും ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 81 റണ്‍സ് കൂട്ടിച്ചേർത്തു. ധവാൻ(48), വാർണർ(49) എന്നിവർ പുറത്തായശേഷമെത്തിയ ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെവന്നപ്പോൾ സണ്‍റൈസേഴ്സ് സ്കോർ 158ൽ ഒതുങ്ങി. മുംബൈക്കായി ബുംറ മൂന്നും ഹർഭജൻ രണ്ടും വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് ജോസ് ബട്ലറെ തുടക്കത്തിൽ നഷ്ടമായെങ്കിലും പാർഥിവ് പട്ടേൽ ഒരറ്റത്തു പിടിച്ചുനിന്നു. രോഹിത് ശർമ(4)യ്ക്കു ശേഷമെത്തിയ നതീഷ് റാണ(45)യ്ക്കൊപ്പം പാർഥിവ് ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. പാർഥിവ്(39) പുറത്തായശേഷം റാണ, കൃണാൽ പാണ്ഡ്യ(37)യെ കൂട്ടുപിടിച്ച് മുംബൈയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.