മുംബൈ: കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ആവേശ ജയം. നിതീഷ് റാണയുടെ (50) അതിവേഗ അർധസെഞ്ചുറിയും ഹാർദിക് പാണ്ഡ്യയുടെ അവസാന ഓവറിലെ മിന്നും പ്രകടനവുമാണ് മുംബൈ ഇന്ത്യൻസിന് ജയം സമ്മാനിച്ചത്. മൂന്ന് സിക്സും നാലു ഫോറുമായി 29 പന്തിൽനിന്നാണ് റാണ അർധസെഞ്ചുറി തികച്ചത്. ജയപ്രതീക്ഷ കൈവിട്ട മുംബൈയെ റാണ ഒറ്റയ്ക്കു ചുമലിലേറ്റുകയായിരുന്നു.
എന്നാൽ വിജയത്തിന്റെ പടിക്കൽ എത്തിയപ്പോൾ റാണ പുറത്തായത് മുംബൈയ്ക്ക് തിരിച്ചടിയായി. അവസാന ഓവറിൽ 11 റൺസായിരുന്നു വേണ്ടിയിരുന്നത്. ട്രെന്റ് ബോൾട്ടിനെ പേടികൂടാതെ നേരിട്ട പാണ്ഡ്യ ഒരു പന്ത് ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു.
പാർഥിവ് പട്ടേലും (30) ജോസ് ബട്ലറും (28) ചേർന്ന് മുംബൈക്ക് നല്ല തുടക്കം നൽകിയെങ്കിലും രോഹിത് ശർമ (2) വന്നതുപോലെ മടങ്ങിയതും ക്രുനാൽ പാണ്ഡ്യക്കും (11) കീറൻ പൊള്ളാർഡിനും (17) കാര്യമായൊന്നും ചെയ്യാൻ കഴിയാതിരുന്നതും മുംബൈയുടെ വിജയപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. എന്നാൽ റാണ കോൽക്കത്തയുടെ ഉറച്ച വിജയം തട്ടിയെടുക്കുകയായിരുന്നു.
നേരത്തെ മനീഷ് പാണ്ഡെ പുറത്താകാതെ നേടിയ അർധസെഞ്ചുറിയാണ് (81) കോൽക്കത്തയ്ക്ക് മികച്ച സ്കോർ നൽകിയത്. ക്രിസ് ലിനും (32) കോൽക്കത്ത നിരയിൽ തിളങ്ങി. മറ്റാർക്കും ഭേദപ്പെട്ട പ്രകടനം നടത്താൻ സാധിച്ചില്ല.