മുംബൈ: യുവരാജ് സിംഗിന്റെ പോരാട്ട വീര്യത്തിനും മുംബൈ ഇന്ത്യൻസിനെ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല. ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈയ്ക്ക് 37 റൺസിന്റെ തോൽവി. ഡൽഹി ഉയര്‍ത്തിയ 213 റൺസ് പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം 19.2 ഓവറിൽ ഒമ്പതിന് 176 റൺസിൽ അവസാനിച്ചു. പരിക്കേറ്റ പേസ് ബൗളർ ജസ്പ്രീത് ബുംറെ ബാറ്റിംഗിന് ഇറങ്ങിയില്ല.
അർധ സെഞ്ചുറിയുമായി യുവരാജ് മുംബൈ ഇന്നിംഗ്സിന് നെടുംതൂണ് ആയെങ്കിലും കൂറ്റൻ ലക്ഷ്യം മറികടക്കാനായില്ല. 35 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്നു സിക്സും സഹിതം 53 റൺസെടുത്ത് പുറത്തായി. ക്രുണാൽ പാണ്ഡ്യ(15 പന്തിൽ 32), ക്വന്റൺ ഡികോക്ക്(16 പന്തിൽ 27), കിറോൺ പൊള്ളാഡ്(13 പന്തിൽ 21) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. എന്നാൽ കൂറ്റൻ വിജയലക്ഷ്യം എത്തിപ്പിടിക്കാൻ സാധിച്ചില്ല. ഡൽഹിക്ക് വേണ്ടി കാഗിസോ റബാഡും ഇഷാന്ത് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, യുവതാരം ഋഷഭ് പന്തിന്റെ ബാറ്റിംഗ് മികവിലായിരുന്നു ഡൽഹി കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 27 പന്തില്‍ നിന്ന് ഏഴു വീതം ബൗണ്ടറിയും സിക്സുമായി പന്ത് 78 റണ്‍സെടുത്തു. ജസ്പ്രീത് ബുംറയടക്കമുള്ള മുംബൈ ബൗളർമാരെ നിഷ്പ്രഭരാക്കിയായിരുന്നു പന്തിന്റെ ബാറ്റിംഗ്. വെറും 18 പന്തില്‍ നിന്നാണ് ഋഷഭ് പന്ത് അര്‍ധ സെഞ്ചുറിയിലെത്തിയത്. പന്തിനു പുറമെ ശിഖര്‍ ധവാന് (43), കോളിന് ഇന്‍ഗ്രാം (47) എന്നിവരും ഡല്‍ഹിക്കായി മികച്ച പ്രകടനം നടത്തി.
മുംബൈക്കായി മിച്ചല്‍ മക്ലെന്‍ഗന്‍ മൂന്നും ബുംറ, ഹർദിക് പാണ്ഡ്യ, ബെൻ കട്ടിംഗ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.അവസാന പന്തില്‍ ബുംറയ്ക്ക് പരിക്കേറ്റത് ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യയെ ആശങ്കയിലാക്കിയിട്ടുണ്ട്. ബുംറ വീണതോടെ പന്ത് അടക്കമുള്ളവർ സമീപത്തേക്ക് ഓടിയെത്തിയിരുന്നു.