ഹൈദരാബാദ്: അവസാന ഓവറിൽ മിച്ചൽ ജോൺസൺ നേടിയ രണ്ടു വിക്കറ്റുകൾ പൂനയുടെ കഥ കഴിച്ചു. വിജയത്തിലേക്കു നീങ്ങിയ പൂനയെ ഒരു റണ്ണിനു പരാജയപ്പെടുത്തിയ മുംബൈ ഇന്ത്യൻസിന് ഇന്ത്യന് പ്രീമിയര് ലീഗിന്റെ പത്താം എഡിഷനിൽ കിരീടം. മുംബൈയുടെ മൂന്നാം ഐപിഎൽ കിരീടമാണിത്. അവസാന ഓവറിൽ 11 റൺസ് വേണ്ടിയിരുന്ന പൂനയ്ക്ക് ഒന്പതു റൺസ് മാത്രമാണ് നേടാനായത്.
നിശ്ചിത ഓവറില് എട്ടു വിക്കറ്റ് നഷ്ടത്തില് 129 റണ്സ് നേടിയ മുംബൈ ഇന്ത്യന്സിനെതിരേ മറുപടി ബാറ്റിംഗിൽ പൂനയ്ക്ക് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 128 റൺസേ നേടാനായുള്ളൂ. മുംബൈക്കു വേണ്ടി മിച്ചൽ ജോൺസൺ മൂന്നും ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റുകൾ നേടി. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിരയിൽ 47 റണ്സ് നേടിയ കൃണാല് പാണ്ഡ്യക്കു മാത്രമാണ് പൂന ബൗളിംഗിനെ പ്രതിരോധിക്കാന് കഴിഞ്ഞത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈക്ക് ജയദേവ് ഉനദ്ഖഡ് എറിഞ്ഞ മൂന്നാം ഓവറില് ഓപ്പണര്മാരെ നഷ്ടമായി. പാര്ഥിവ് പട്ടേല്-4, ലെന്ഡല് സിമണ്സ്-3 എന്നിങ്ങനെയായിരുന്നു ഓപ്പണര്മാരുടെ സംഭാവന. സ്കോര് 41ല് അന്പാട്ടി റായുഡു(12) പൂന നായകന് സ്റ്റീവ് സ്മിത്തിന്റെ നേരിട്ടുള്ള ഏറില് റണ്ണൗട്ടായി. പിന്നാലെ രോഹിത് ശര്മ(24)യുടെയും പ്രതിരോധം തകർന്നു. പൊള്ളാര്ഡ്(7) വന്നതും പോയതും ഒന്നിച്ചായിരുന്നു. കൃണാല് പാണ്ഡ്യ ഒരു വശത്ത് പൊരുതിയെങ്കിലും ഭേദപ്പെട്ട സ്കോറിലേക്കു മുംബൈയെ എത്തിക്കാന് കഴിഞ്ഞില്ല.
പൂനയ്ക്കായി ഉനദ്ഖഡ്, ആദം സാംബ, ഡാനിയേൽ ക്രിസ്റ്റ്യന് എന്നിവര് രണ്ടു വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പൂനയ്ക്കു വേണ്ടി സ്മിത്ത് 50 പന്തിൽ 51 റൺസ് നേടി. രഹാനെ 44 റൺസും നേടി.