കോൽക്കത്ത: നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനു കൂറ്റൻ വിജയം. കോൽക്കത്ത നൈറ്റ്റൈഡേഴ്സിനെ 102 റൺസിനു മുംബൈ പരാജയപ്പെടുത്തി. മുംബൈ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കോൽക്കത്ത 108 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. ജയത്തോടെ മുംബൈ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി.
ഇഷാൻ കിഷന്റെ വെടിക്കെട്ടിൽ പിറന്ന മുംബൈയുടെ കൂറ്റൻ സ്കോറിനെ പിന്തുടരാൻ കോൽക്കത്തയിൽ കരുത്തുള്ളവരുണ്ടായിരുന്നില്ല. ഓപ്പണർ ക്രിസ് ലിന്നും (21) നിതീഷ് റാണയും (21) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
വാലറ്റത്ത് ടോം കുറാനും (18) ചെറു ശ്രമം നടത്തി. ആറു പേരാണ് ഇന്നിംഗ്സിൽ രണ്ടക്കം കാണാതിരുന്നത്. ആരും 21 റൺസിൽ കൂടുതൽ സ്കോർ ചെയ്തില്ല. ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കിന്റെ സംഭാവന മൂന്നു പന്തിൽ അഞ്ചു റൺസായിരുന്നു.
ഇഷാൻ കിഷൻ (62) നേടിയ അതിവേഗ അർധ സെഞ്ചുറിയുടെ കരുത്തിലാണ് മുംബൈ 211 റൺസിന്റെ വിജയലക്ഷ്യം കുറിച്ചത്. പരാജയപ്പെട്ടാൽ പുറത്താകുമെന്ന നിലയിൽ ജയിക്കാൻ ഉറച്ചായിരുന്നു മുംബൈ കളത്തിലെത്തിയത്. മെല്ലെത്തുടങ്ങിയ മുംബൈ അതിവേഗ ട്രാക്കിലായത് ഇഷാന്റെ വരവിലായിരുന്നു.
പത്തൊൻപതുകാരൻ പയ്യൻ വെറും 21 പന്തിൽനിന്നാണ് 62 റൺസ് വാരിക്കൂട്ടിയത്. ആറു സിക്സും അഞ്ചു ഫോറുമാണ് ആ ബാറ്റിൽനിന്നും പാഞ്ഞത്. ഇഷാൻ 17 പന്തുകളിൽനിന്ന് അർധ സെഞ്ചുറി പൂർത്തിയാക്കി.
ഓപ്പണർ സൂര്യകുമാർ യാദവും (36), ക്യാപ്റ്റൻ രോഹിത് ശർമയും (36) മികച്ചു ബാറ്റു ചെയ്തു. അവസാന ഓവറുകളിലെ ബെൻ കട്ടിംഗിന്റെ കൂറ്റൻ അടികളാണ് സ്കോർ 200 കടത്തിയത്. കട്ടിംഗ് ഒമ്പതു പന്തിൽ മൂന്നു സിക്സും ഒരു ഫോറും പറത്തി.