ഇന്‍ഡോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്സ് ഇലവന് പഞ്ചാബ് തുടര്‍ച്ചയായ രണ്ടാം ജയമാഘോഷിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെ എട്ടു വിക്കറ്റിനു തകര്‍ത്താണ് പഞ്ചാബ് മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു.
എ.ബി. ഡിവില്ല്യേഴ്സ് 46 പന്തില്‍ മൂന്നു ബൗണ്ടറിയും ഒമ്പതു പടുകൂറ്റന്‍ സിക്സറുമടക്കം 89 റണ്‍സെടുത്തു. എന്നാല്‍, മറ്റു ബാറ്റ്സ്മാന്മാര്ക്ക് കാര്യമായി സംഭാവന നല്‍കാനായില്ല.
മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്സ് ഇലവന് പഞ്ചാബ് കാര്യമായ തിടുക്കം കാണിക്കാതെ ബാറ്റ് ചെയ്തു. ഓപ്പണിംഗ് വിക്കറ്റില്‍ മന്ദീപ് വോറയും ഹഷിം അംലയും ചേര്‍ന്ന് 61 റണ്‍സ് കൂട്ടിച്ചേര്‍ത്ത് വിജയത്തിന് അടിത്തറ പാകി. 21 പന്തില്‍ 34 റണ്‍സ് നേടിയ വോറ പുറത്തായി.
എന്നാല്‍, 38 പന്തില്‍ നാലു ബൗണ്ടറിയുടെയും മൂന്നു സിക്സറിന്റെയും അകമ്പടിയോടെ 58 റണ്‍സ് നേടി പുറത്താകാതെ നിന്ന ഹഷിം അംലയുടെ ചിറകിലേറി പഞ്ചാബ് 14.3 ഓവറിൽ 150 റണ്‍സിലെത്തി. 22 പന്തില്‍ മൂന്നു ബൗണ്ടറിയും നാലു സിക്സുമടക്കം 43 റണ്‍സെടുത്ത് ഓസീസ് താരം ഗ്ലെന്‍ മാക്സ് വെലിന്റെ മികവ് അംലയ്ക്കു തുണയായി. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 72 റണ്‍സെടുത്തു.