ചണ്ഡിഗഡ്: ഹാഷിം അംലയുടെ സെഞ്ചുറി പാഴായി. ഗുജറാത്ത് ലയണ്‍സിനെതിരേ കിംഗ്സ് ഇലവൻ പഞ്ചാബിന് തോൽവി. പഞ്ചാബ് ഉയർത്തിയ 190 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് രണ്ടു പന്ത് ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഡ്വെയ്ൻ സ്മിത്തിന്റെ അർധസെഞ്ചുറിയാണ് ഗുജറാത്തിന് വിജയമൊരുക്കിയത്.
പഞ്ചാബ് ഫീൽഡർമാർ കൈവിട്ട ക്യാച്ചുകളും ഗുജറാത്ത് വിജയത്തിൽ നിർണായകമായി. സ്മിത്തിന്റെയും റെയ്നയുടെയും അടക്കം മൂന്നു ക്യാച്ചുകൾ പഞ്ചാബ് ഫീൽഡർമാർ കൈവിട്ടു.
സ്കോർ: കിംഗ്സ് ഇലവൻ പഞ്ചാബ്- 189/3(20). ഗുജറാത്ത് ലയണ്‍സ്- 192/4(19.4).
ആദ്യം ബാറ്റുചെയ്ത പഞ്ചാബ് അംലയുടെ സെഞ്ചുറിയുടെയും ഷോണ്‍ മാർഷിന്റെ അർധസെഞ്ചുറിയുടെയും മികവിലാണ് ഗുജറാത്തിനു മുന്നിൽ കൂറ്റൻ ലക്ഷ്യം വച്ചുനീട്ടിയത്. സ്കോർ രണ്ടിൽ ഓപ്പണർ മാർട്ടിൻ ഗുപ്റ്റിൽ പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ അംലയും മാർഷും ചേർന്ന് കൂട്ടിച്ചേർത്ത 125 റണ്‍സ് കൂട്ടുകെട്ട് പഞ്ചാബ് ഇന്നിംഗ്സിന് അടിത്തറ പാകി.
59 പന്തിൽനിന്നായിരുന്നു അംലയുടെ ശതകനേട്ടം. സെഞ്ചുറി നേടി തൊട്ടടുത്ത പന്തിൽ പുറത്താകുന്നതിനു മുന്‍പായി അഞ്ചു സിക്സറിന്റെയും എട്ടു ബൗണ്ടറികളുടെയും അകന്പടിയോടെ 104 റണ്‍സ് അക്കൗണ്ടിൽ ചേർക്കാൻ അംലയ്ക്കു കഴിഞ്ഞു. ബേസിൽ തന്പിക്കായിരുന്നു അംലയുടെ വിക്കറ്റ്. നേരത്തെ, മുംബൈ ഇന്ത്യൻസിനെതിരേയും അംല സെഞ്ചുറി നേടിയിരുന്നു. ഒരു ഐപിഎൽ സീസണിൽ രണ്ടു സെഞ്ചുറി നേടുന്ന മൂന്നാം ബാറ്റ്സ്മാനാണ് അംല.
അവസാന ഓവറുകളിൽ ഗ്ലെൻ മാക്സ്വെല്ലിന്റെ വന്പനടികളും കൂടി ചേർന്നപ്പോൾ പഞ്ചാബ് സ്കോർ 189ൽ എത്തി. മാസ്ക്വെൽ 11 പന്തിൽ 20 റണ്‍സ് നേടി പുറത്താകാതെനിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ഡ്വെയ്ൻ സ്മിത്തും ഇഷാൻ കിഷനും ചേർന്നു മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 91 റണ്‍സ് കൂട്ടിച്ചേർത്തു. സ്മിത്ത്(78), കിഷൻ(29) എന്നിവർ പുറത്തായശേഷമെത്തിയ സുരേഷ് റെയ്നയും ദിനേശ് കാർത്തികും മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഗുജറാത്ത് വിജയത്തിലേക്കു നടന്നുകയറി. റെയ്ന 39 റണ്‍സ് നേടി പുറത്തായപ്പോൾ കാർത്തിക് 35 റണ്‍സുമായി പുറത്താകാതെനിന്നു.