മുംബൈ: ഐപിഎൽ 2018 സീസണ് പോരാട്ടത്തിന്റെ രണ്ടാം ഘട്ട ആവേശത്തിന് ഇന്നു തുടക്കം. ലീഗ് മത്സരങ്ങളുടെ ആവേശം അവസാനിച്ചപ്പോൾ കാത്തിരിക്കുന്നത് അതുക്കും മേലേയുള്ള പോരാട്ടങ്ങൾ. പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ പ്ലേ ഓഫ് ആയ ക്വാളിഫയർ ഒന്ന് പോരാട്ടത്തിൽ ഇന്നു രാത്രി ചെന്നൈ സൂപ്പർ കിംഗ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും.
തുടർച്ചയായ ആറ് ജയങ്ങളിലൂടെ ഏറ്റവും ആദ്യം പ്ലേ ഓഫ് യോഗ്യത നേടിയ സണ്‍റൈസേഴ്സ് അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു. ചെറിയ സ്കോർപോലും പ്രതിരോധിച്ചായിരുന്നു ന്യൂസിലൻഡ് താരമായ കെയ്ൻ വില്യംസണ് നയിക്കുന്ന സണ്‍റൈസേഴ്സ് ഗ്രൂപ്പ്ഘട്ടത്തിൽ ശോഭിച്ചത്.
മറുവശത്ത് ലീഗ് റൗണ്ടിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോളും സണ്‍റൈസേഴ്സിനെ കീഴടക്കിയ ആത്മവിശ്വാസത്തിലാണ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ്. ഏപ്രിൽ 22ന് നടന്ന ആദ്യ പോരാട്ടത്തിൽ സണ്‍റൈസേഴ്സിനെ ഏഴ് വിക്കറ്റിനും ഈ മാസം 13ന് നടന്ന രണ്ടാം മത്സരത്തിൽ എട്ട് വിക്കറ്റിനും ചെന്നൈ പരാജയപ്പെടുത്തിയിരുന്നു.
പ്ലേ ഓഫ് ഇങ്ങനെ
പോയിന്റ് ടേബിളിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തിയ ഹൈദരാബാദ് സണ്‍റൈസേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നിവയാണ് പ്ലേ ഓഫ് പോരാട്ടങ്ങൾക്ക് യോഗ്യത നേടിയത്.
ആദ്യ രണ്ട് സ്ഥാനക്കാർ (ചെന്നൈ, ഹൈദരാബാദ്) തമ്മിലുള്ള പ്ലേ ഓഫ് പോരാട്ടം ക്വാളിഫയർ ഒന്ന് എന്നാണ് അറിയപ്പെടുന്നത്. ഇതിൽ ജയിക്കുന്ന ടീം ഫൈനലിനു നേരിട്ട് യോഗ്യത നേടും. തോൽക്കുന്ന ടീമിന് ഒരു അവസരം കൂടി ഉണ്ടാകും. ക്വാളിഫയർ രണ്ട് എന്നാണ് ആ മത്സരം അറിയപ്പെടുന്നത്.
പട്ടികയിൽ മൂന്നും നാലും സ്ഥാനത്ത് എത്തിയ (കോൽക്കത്ത, രാജസ്ഥാൻ) ടീമുകൾ തമ്മിലുള്ള പ്ലേ ഓഫ് പോരാട്ടം എലിമിനേറ്റർ. ഇതിൽ തോൽക്കുന്ന ടീം പുറത്താകും. ജയിക്കുന്ന ടീം ക്വാളിഫയർ രണ്ടിലേക്ക് യോഗ്യത നേടും. ക്വാളിഫയർ ഒന്നിൽ പരാജയപ്പെട്ട ടീമുമായാണ് എലിമിനേറ്ററിൽജയിച്ച ടീം ഏറ്റുമുട്ടുന്നത്. ക്വാളിഫയർ രണ്ട് എന്നറിയപ്പെടുന്ന ആ മത്സരത്തിൽ ജയിക്കുന്ന ടീം ഫൈനലിലേക്ക് യോഗ്യത നേടും