രാജ്കോട്ട്: കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു പത്തു വിക്കറ്റ് ജയം. ലയണ്‍സ് ഉയർത്തിയ വന്‍ സ്കോറിനു മുന്നില്‍ ഒരിക്കല്‍പ്പോലും പതറാതെ നൈറ്റ് റൈഡേഴ്സ് മറികടന്നു. നായകന് ഗൗതം ഗംഭീറും ക്രിസ് ലിനും ചേര്‍ന്ന് തുടക്കം മുതല്‍ ആഞ്ഞടിച്ചപ്പോല് ലയണ്‍സ് ഉയര്‍ത്തിയ 183 റണ്‍സ് 31 പന്തുകള്‍ ബാക്കി നിര്‍ത്തി കോല്‍ക്കത്ത മറികടന്നു.
41 പന്തില്‍ എട്ട് സിക്സിന്റെയും ആറ് ഫോറിന്റെയും അകമ്പടിയില്‍ 93 റണ്‍സ് നേടിയ ലിനും 48 പന്തില്‍ 12 ബൗണ്ടറിയുടെ അകമ്പടിയില്‍ 76 റണ്‍സ് നേടിയ ഗംഭീറും ചേര്‍ന്ന് 14.5 ഓവറില്‍ 184 റണ്‍സ് നേടി. ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍സ് ചേസിംഗാണ് നൈറ്റ് റൈഡേഴ്സ് രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കാഴ്ചവച്ചത്. ആദ്യമായാണ് ഒരു ടീം പത്ത് വിക്കറ്റിന് ജയിക്കുന്നത്.
ടോസ് നേടിയ കോല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് നായകന് ഗൗതം ഗംഭീര്‍ ഗുജറാത്ത് ലയണ്‍സിനെ ബാറ്റിംഗിനുവിട്ടു. സുരേഷ് റെയ്ന (68 നോട്ടൗട്ട് ), ദിനേശ് കാർത്തിക് (47), ബ്രണ്ടൻമക്കല്ലം (35)എന്നിവരാണ് ലയൺസിനെ മികച്ച സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിംഗില്‍ ക്രിസ് ലിന്നും ഗൗതം ഗംഭീറും ചേര്‍ന്ന് കോല്ക്കത്തെ എട്ട് ഓവറില്‍ നൂറുകടത്തി. ക്രിസ് ലിന്നാണ് കൂടുതല്‍ ആക്രമണകാരിയായത്. 19 പന്തില്‍ ലിന് അര്‍ധ സെഞ്ചുറി തികച്ചു.
സ്മിത്തിന്റെ ഒരോവറില്‍ ലിന് 23 റണ്‍സാണ് അടിച്ചെടുത്തത്. മൂന്നു സിക്സും ഒരു ഫോറുമുണ്ടായിരുന്നു. അധികം വൈകാതെ ഗംഭീറും അര്‍ധ സെഞ്ചുറി തികച്ചു. പിന്നീട് വേഗം സ്കോര്‍ ചെയ്ത ഇരുവരും മത്സരം വലിച്ചു നീട്ടാതെ വിജയം അടിച്ചെടുത്തു. ജയത്തിനടുത്തെത്തിയപ്പോള്‍ ലിന്നിനെ രണ്ടു തവണ ലയണ്‍സ് ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞു.