മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസും ലക്നോ സൂപ്പർ ജയ്ന്റ്സും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കളി ഗതി നിർണയിച്ചത് ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ട്.
166 റണ്‍സ് പിന്തുടരാൻ ക്രീസിലെത്തിയ ലക്നോയുടെ ആദ്യ രണ്ട് വിക്കറ്റ് ഇന്നിംഗ്സിലെ ആദ്യ രണ്ട് പന്തിൽതന്നെ പിഴുതത് ബോൾട്ട് ആയിരുന്നു. അതിൽ ആദ്യ വിക്കറ്റ് ലക്നോ ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ ബൗൾഡ്.
ബോൾട്ട് എറിഞ്ഞ ആ പന്ത് താൻ കണ്ടില്ലായിരുന്നു എന്നും കണ്ടിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യുമായിരുന്നു എന്നാണ് മത്സരശേഷം കെ.എൽ. രാഹുൽ പറഞ്ഞത്.
ഇടംകൈ പേസറായ ബോൾട്ട് റൗണ്ട് ദ വിക്കറ്റ് ആയാണ് രാഹുലിനെതിരെ പന്ത് എറിഞ്ഞത്. രാഹുലിന്റെ കുറ്റി ഇളക്കിയ ആ റൗണ്ട് ദ വിക്കറ്റ് തന്ത്രം സഹതാരം ജിമ്മി നീഷമിന്റെ ആശയമായിരുന്നു എന്ന് പിന്നീട് ബോൾട്ട് വെളിപ്പെടുത്തി.
രാഹുലിനെതിരേ റൗണ്ട് ദ വിക്കറ്റിലൂടെ ബൗൾ ചെയ്യാനുള്ള ഐഡിയ ജിമ്മി നീഷമിന്റേതാണ്. എന്നിരുന്നാലും അദ്ദേഹത്തിന് മുഴുവൻ ക്രെഡിറ്റും കൊടുക്കില്ലെന്ന് ചിരിയോടെ ബോൾ പറഞ്ഞു. നീഷവും ബോൾട്ടും ന്യൂസിലൻഡ് ടീമിലെയും സഹതാരങ്ങളാണ്.
തൊട്ടടുത്ത പന്ത് ബോൾട്ടിന്റെ സ്ഥിരം രീതിയിൽ ഓവർ ദ വിക്ക്റ്റിലൂടെ എറിഞ്ഞ് കൃഷ്ണപ്പ ഗൗതമിനെ വിക്കറ്റിനു മുന്നിൽ കുടുക്കി.
ഇന്നിംഗ്സ് ഓപ്പണിംഗിലെ രണ്ട് ഗോൾഡൻ ഡെക്ക് പ്രഹരത്തിൽനിന്ന് കരകയറിയ ലക്നോ മൂന്ന് റണ്‍സിനായിരുന്നു തോൽവി വഴങ്ങിയതെന്നതും ശ്രദ്ധേയം.
നാല് ഓവറിൽ 41 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ രാജസ്ഥാൻ സ്പിന്നർ യുസ് വേന്ദ്ര ചാഹൽ ആയിരുന്നു പ്ലെയർ ഓഫ് ദ മാച്ച്.
രാജസ്ഥാന്റെ അടുത്ത മത്സരം വ്യാഴാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരേയാണ്. ലക്നോയുടെ അടുത്ത എതിരാളി മുംബൈയാണ്, ശനിയാഴ്ചയാണ് മത്സരം.