ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നാലു വിക്കറ്റിന് കിംഗ്സ് ഇലവൻ പഞ്ചാബിനെ പരാജയപ്പെടുത്തി. കിംഗ്സ് ഇലവൻ കുറിച്ച 155 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ മൂന്നു പന്തുകൾ ബാക്കിനിൽക്കെ ബാംഗ്ലൂർ മറികടന്നു.
അർധ സെഞ്ചുറി നേടിയ എബി ഡിവില്ലിയേഴ്സും (57) ക്വിന്റൺ ഡി കോക്കുമാണ് (45) ആർസിബിയെ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റൻ വിരാട് കോഹ്ലി 16 പന്തിൽ 21 റൺസെടുത്ത് പുറത്തായി.തുടർച്ചയായ രണ്ടാം മൽസരത്തിലും ലോകേഷ് രാഹുൽ നടത്തിയ മിന്നൽ ബാറ്റിംഗാണ് പഞ്ചാബിനു മികച്ച സ്കോർ നൽകിയത്. രാഹുൽ 30 പന്തിൽ രണ്ടു ഫോറും ആറു സിക്സറുകളും പറത്തി 47 റൺസെടുത്തു.
നായകൻ അശ്വിൻ (33) വാലറ്റത്ത് നടത്തിയ വെടിക്കെട്ടും സ്കോർ ഉയർത്തി. യുവരാജ് സിംഗും (4) ഫിഞ്ചും (0) നിരാശപ്പെടുത്തിയപ്പോൾ പഞ്ചാബിനു മികച്ച ടോട്ടൽ ഉയർത്താനായില്ല.