ബംഗളൂരു: 17-ാം ഐപിഎൽ ട്വന്റി 20 ക്രിക്കറ്റ് സീസണിന്റെ ഉദ്ഘാടന മത്സരത്തിത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് തോറ്റ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ജയം ലക്ഷ്യമിട്ട് സ്വന്തം എം. ചിന്നസ്വാമി സ്റ്റോഡിയത്തിൽ ഇറങ്ങുന്നു.
പഞ്ചാബ് കിംഗ്സിനെതിരേയാണ് മത്സരം. ഇതുൾപ്പെടെ മൂന്നു മത്സരങ്ങൾ ആർസിബിക്ക് സ്വന്തം കാണികളുടെ മുന്നിലാണ്. ഇത് അനുകൂലമാക്കാനുള്ള ഒരുക്കത്തിലാണ് ഫാഫ് ഡു പ്ലസിയും കൂട്ടരും. പഞ്ചാബ് കിംഗ്സാണെങ്കിൽ ആദ്യ മത്സരത്തിലെ ജയം തുടരാനാണ് ലക്ഷ്യമിടുന്നത്.
ചിന്നസ്വാമിയിലെ ഫ്ളാറ്റ് പിച്ച് വൻ സ്കോറുകൾ നേടുന്നതിന് പേരുകേട്ടതാണ്. പവർ ഹിറ്റർമാർ നിറഞ്ഞ പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് ലൈനപ്പ് ഇത് മുതലാക്കിയാൽ ആർസിബിയുടെ കണക്കുകൂട്ടലുകൾ തെറ്റും. ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരേ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കിംഗ്സ് ബംഗളൂരുവിൽ കളിക്കുക.
സിഎസ്കെയ്ക്കെതിരേ മുഷ്താഫിസുർ റഹ്മാന്റെ ഓഫ്കട്ടറുകൾക്കു മുന്നിൽ പതറിയ ആർസിബിക്കെതിരേ പഞ്ചാബിലും ഒരു ആയുധമുണ്ട്. ഇടങ്കൈ പേസർ അർഷ്ദീപ് സിംഗ്. അർഷ്ദീപ് ഓഫ്കട്ടറും ലെഗ്കട്ടറും എറിയും. ഇന്നു ബാറ്റർമാരും ഒപ്പം ബൗളർമാരും ഫോമിലെത്തുമെന്ന പ്രതീക്ഷയാണ് ആർസിബിക്ക്.