ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം സീസണിൽ കളിക്കുന്ന രണ്ടാമത് മലയാളിയായി തൃശൂർ സ്വദേശിയായ സന്ദീപ് വാര്യർ. മുപ്പത്തിമൂന്നുകാരനായ സന്ദീപ് വാര്യർ ഗുജറാത്ത് ടൈറ്റൻസിനുവേണ്ടി ഡൽഹി ക്യാപ്പിറ്റൽസിനെതിരേയാണ് കളത്തിലെത്തിയത്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് മാത്രമായിരുന്നു 2024 സീസണിൽ മലയാളികളുടെ ഏക പ്രതിനിധി.
ഈ ഐപിഎൽ സീസണിൽ മൂന്നാമത്തെ മലയാളിയായി മുംബൈ ഇന്ത്യൻസിൽ വിക്കറ്റ് കീപ്പർ ബാറ്ററായി വിഷ്ണു വിനോദും ഉണ്ടായിരുന്നു. എന്നാൽ, കളിക്കാൻ സാധിച്ചില്ല. പരിക്കിനെത്തുടർന്ന് ടീമിൽനിന്ന് വിഷ്ണു പുറത്താകുകയും ചെയ്തു.
ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ സന്ദീപ് വാര്യർ തന്റെ വരവ് അറിയിച്ചു. ഗുജറാത്ത് ടൈറ്റൻസിനുവേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ രണ്ട് വിക്കറ്റ് ഈ മലയാളി പേസർ സ്വന്തമാക്കി. ഡൽഹിയുടെ പൃഥ്വി ഷായെ ഒരു ബൗണ്‍സറിലൂടെ സ്പെൻസർ ജോണ്‍സന്റെ കൈകളിലെത്തിച്ചും അഭിഷേക് പോറലിന്റെ വിക്കറ്റ് തെറിപ്പിച്ചുമായിരുന്നു സന്ദീപിന്റെ വിക്കറ്റ് നേട്ടം. പൃഥ്വി ഷായ്ക്ക് ഒഴിഞ്ഞുമാറാൻ അവസരം നൽകാത്ത ബൗണ്‍സറായിരുന്നു.
ഷായുടെ ബാറ്റിൽ കൊണ്ട പന്ത് ഷോർട്ട് തേർഡ് മാനിൽ സ്പെൻസർ ജോണ്‍സന്റെ കൈകളിൽ വിശ്രമിച്ചു. ആദ്യ രണ്ട് ഓവറിൽ 17 റണ്‍സിന് ഒരു വിക്കറ്റ് എന്നതായിരുന്നു സന്ദീപിന്റെ ബൗളിംഗ്. മൂന്നാം ഓവറിൽ ഷായ് ഹോപ്പും അഭിഷേക് പോറലും ചേർന്ന് ആദ്യ അഞ്ച് പന്തിൽ 23 റണ്‍സ് അടിച്ചു. എന്നാൽ, അഞ്ചാം പന്ത് സിക്സ് പറത്തിയ പോറലിന്റെ കുറ്റി അവസാന പന്തിൽ ഇളക്കിയാണ് സന്ദീപ് ഓവർ അവസാനിപ്പിച്ചത്. മൂന്ന് ഓവറിൽ 40 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന ബൗളിംഗുമായി സന്ദീപ് മത്സരവും പൂർത്തിയാക്കി.
സന്ദീപ് രണ്ട് വിക്കറ്റ് നേടിയെങ്കിലും ഗുജറാത്തിനു ജയിക്കാൻ സാധിച്ചില്ല. 17.3 ഓവറിൽ 89 റണ്‍സിനു പുറത്തായ ഗുജറാത്തിനെ 8.5 ഓവറിൽ 92/4 റണ്‍സ് എടുത്ത് ഡൽഹി തോൽപ്പിച്ചു. 17-ാം ഐപിഎൽ സീസണിലെ ഏറ്റവും ചെറിയ സ്കോറാണ് ഗുജറാത്തിന്റെ 89.
ഷമിയുടെ പകരക്കാരൻ
പരിക്കിനെത്തുടർന്ന് 2024 ഐപിഎൽ സീസണിൽനിന്ന് പൂർണമായി പിന്മാറിയ ഇന്ത്യൻ സൂപ്പർ പേസർ മുഹമ്മദ് ഷമിക്കു പകരക്കാരനായാണ് സന്ദീപ് വാര്യർ ഗുജറാത്ത് ടൈറ്റൻസിൽ എത്തിയത്.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, മുംബൈ ഇന്ത്യൻസ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളുടെ ഭാഗമായ ചരിത്രവും സന്ദീപിനുണ്ട്. ഐപിഎൽ കരിയറിൽ ആകെ ആറ് മത്സരങ്ങളിൽനിന്ന് നാല് വിക്കറ്റാണ് സന്പാദ്യം.
തൃശൂർ വിട്ട് ചെന്നൈ
ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിനുവേണ്ടിയാണ് സന്ദീപ് നിലവിൽ കളിക്കുന്നത്. 2021 സീസണ് മുതൽ സന്ദീപ് തമിഴ്നാട്ടിലേക്ക് ചേക്കേറുകയായിരുന്നു.
കേരള ക്രിക്കറ്റ് അസോസിയേഷനോട് പ്രത്യേക അഭ്യർഥന നടത്തിയായിരുന്നു കൂടുമാറ്റം. ചെന്നൈയിൽ ഇന്ത്യ സിമെന്റ്സിൽ ജോലി ലഭിക്കുകയും ചെന്നൈ സ്വദേശിനിയെ വിവാഹം കഴിക്കുകയും ചെയ്തതോടെയായിരുന്നു അത്.