പൂന: മലയാളിതാരം സഞ്ജു സാംസന്റെ സെഞ്ചുറി മികവിൽ ഡൽഹി ഡെയർ ഡെവിൾസിന് വന്പൻജയം. ഐപിഎലിൽ റൈസിംഗ് പൂന സൂപ്പർ ജയന്റിനെ 97 റണ്സിനാണ് ഡൽഹി മറികടന്നത്. 206 റണ്സ് വിജയലക്ഷ്യം പിന്തുടർന്ന പൂന 16.1 ഓവറിൽ 108ന് എല്ലാവരും പുറത്താകുകയായിരുന്നു. സഞ്ജുവിന്റെ സെഞ്ചുറിക്കു പുറമേ മൂന്നു വിക്കറ്റ് വീതം നേടിയ സഹീർ ഖാൻ, അമിത് മിശ്ര എന്നിവരുടെ പ്രകടനം ഡൽഹി വിജയത്തിൽ നിർണായകമായി. സഞ്ജുവാണ് കളിയിലെ താരം.
രഹാനെ(10), മായങ്ക് അഗർവാൾ(20), ഡുപ്ലസി(8), രാഹുൽ ത്രിപാഠി(10), ബെൻ സ്റ്റോക്സ്(2), ധോണി(11), രജത് ഭാട്ടിയ(16) എന്നിങ്ങനെയായിരുന്നു പൂന ബാറ്റിംഗ് നിരയുടെ സംഭാവന.നേരത്തെ, സഞ്ജുവിന്റെ സെഞ്ചുറിയുടെയും അവസാന ഓവറുകളിൽ ക്രിസ് മോറിസ് നടത്തിയ ബാറ്റിംഗ് വെടിക്കെട്ടിന്റെയും മികവിൽ ഡൽഹി ഡെയർ ഡെവിൾസ് 205 റണ്സ് നേടി. 62 പന്തിൽനിന്നായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി.
41 പന്തിൽനിന്ന് അർധസെഞ്ചുറി തികച്ച സഞ്ജു തുടർന്നുള്ള 21 പന്തിൽ സെഞ്ചുറിയിലെത്തി. ആദം സാംന്പയെ സിക്സറിനു പറത്തിയാണ് സഞ്ജു സെഞ്ചുറി ആഘോഷിച്ചത്. തൊട്ടടുത്ത പന്തിൽ പുറത്തായെങ്കിലും ഇതിനു മുന്പായി 102 റണ്സ് ഇന്നിംഗ്സിൽ ചേർക്കാർ സഞ്ജുവിനു കഴിഞ്ഞു. എട്ടു ബൗണ്ടറികളും അഞ്ചു സിക്സറുകളും സഞ്ജുവിന്റെ ഇന്നിംഗ്സിനു ചാരുതയേകി.
ക്രിസ് മോറിസ് ഒന്പതു പന്തിൽനിന്ന് 38 റണ്സ് നേടി പുറത്താകാതെനിന്നു.പ്രീമിയർ ലീഗിൽ സഞ്ജുവിന്റെ കന്നി സെഞ്ചുറിയാണിത്. ഇന്ത്യൻ പ്രീമിയർ ലീഗ് പത്താം സീസണിലെ ആദ്യ സെഞ്ചുറിയാണ് സഞ്ജു കുറിച്ചത്.